ഓമല്ലൂര്‍ വയല്‍ വാണിഭം : കാര്‍ഷികോത്പന്നങ്ങളുടെ വരവ് കുറഞ്ഞു
1533742
Monday, March 17, 2025 3:55 AM IST
ഓമല്ലൂര്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് കാര്ഷികോത്പങ്ങളുടെ വരവ് കുറഞ്ഞു. വാണിഭത്തിന്റെ ആദ്യ നാളുകളിലാണ് ഉത്പന്നങ്ങള്‍ ധാരാളമായി എത്തിയിരുന്നത്. ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ പഞ്ചായത്തുകളായ ചെന്നീര്‍ക്കര, വള്ളിക്കോട് എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ ചേന, കാച്ചില്, ചേമ്പ്, ഇഞ്ചി, മറ്റു കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ എത്തിയിരുന്നു.
കാര്‍ഷിക ഉത്ന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രവും ആയിരുന്നു ഓമല്ലൂര്‍. വയല്‍ വാണിഭ കാലത്ത് ആഴ്ചയില്‍ നാലും, അഞ്ചും ലോഡ് കാര്‍ഷിക ഉത്പന്നങ്ങള്‍ തെക്കന്‍ ജില്ലകളിലേക്കുംതമിഴ്നാട്ടിലേക്കും കയറ്റി അയച്ചിരുന്നതായി മൊത്തവ്യാപാരി മനു ആറ്റരികം പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊല്ലം, അഞ്ചല്‍, ആയൂര്‍, കടയക്കല്‍, ഭാഗങ്ങളില്‍ നിന്നുമാണ് പ്രധാനമായും കാര്‍ഷിക വിഭവങ്ങള്‍ എത്തുന്നത്.
രൂക്ഷമായ പന്നി ശല്യവും കാലാവസ്ഥ വ്യതിയാനവും, തനത് കൃഷി സമ്പ്രദായങ്ങള്‍ അറിയാവുന്ന ജോലിക്കാരുടെ അഭാവവുമെല്ലാം കിഴങ്ങുവര്‍ഗ കര്‍ഷകരെ കൃഷിയില്‍നിന്നു പിന്മാറ്റിയത് കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മുമ്പ് തമിഴ്നാട്ടില്‍ നിന്ന് പാണ്ടി മുളകും നെല്ലുമായി വരുന്ന വലിയ ലോറികളില്‍ ഇവിടെ നിന്നും കാര്‍ഷിക വിഭവങ്ങള്‍ ശേഖരിച്ചാണ് മടങ്ങിയിരുന്നത്.
ചേനയ്ക്ക് വിലയേറി
കിഴങ്ങുവര്‍ഗ ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞതോടെ ചേന, കാച്ചില് തുടങ്ങിയവയുടെ വില മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടി. എന്നാല്‍ ഇഞ്ചിക്ക് വില കുറഞ്ഞു. ചേനയ്ക്ക് കിലോ 90 രൂപ ഉള്ളപ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ 300 രൂപ ഉണ്ടായിരുന്ന ഇഞ്ചിക്ക് വില നൂറിലേക്ക് എത്തി. രണ്ടുമാസം മുമ്പുവരെ ഇഞ്ചി വില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. വിത്തിനങ്ങള്‍ക്കായി ചേനയും കാച്ചിലും വാങ്ങാന്‍ ഓമല്ലൂരിലേക്ക് നിരവധിയാളുകള്‍ എത്തുന്നത്.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം ആദ്യ ആഴ്ചയിലാണ് നടക്കുന്നതെങ്കിലും, വ്യാപാര മേള ഒരു മാസത്തോളം നീണ്ടുനില്‍ക്കും. വീട്ടമ്മമാര്‍ക്ക് ആവശ്യമായ കറി കത്തികളും, വെട്ടിരുമ്പുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുമായി വ്യാപാരികളെത്തിയിട്ടുണ്ട്.
പരമ്പരാഗത അടുക്കള ഉപകരണങ്ങളും ഓമല്ലൂരില്‍ ലഭ്യമാകും. ചിരട്ടത്തവി, മുറം, കുട്ട, മണ്‍ചട്ടി തുടങ്ങിയവ ലഭ്യമാണ്. വിവിധ ഇനം ഫലൃക്ഷത്തൈകളും ചെടികളുമായി നേഴ്സറികളും വാണിഭത്തിന് എത്തിയിട്ടുണ്ട്.