മുറിയാത്ത സുഹൃദ്ബന്ധം; കുര്യനും ജോണും വൈറൽ
1533756
Monday, March 17, 2025 4:14 AM IST
പത്തനംതിട്ട: കുട്ടിക്കാലം മുതലുള്ള സുഹൃദ്ബന്ധം കർമ മണ്ഡലത്തിൽ ഇടയ്ക്കു വേർപിരിഞ്ഞെങ്കിലും അതേ മണ്ഡലം അവരെ ഒന്നിപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാരായ കുര്യൻ വർഗീസിന്റെയും ജോൺ മാത്യുവിന്റെയും കഥയിപ്പോൾ വൈറലാണ്. 40 വർഷങ്ങൾക്കു ശേഷം ഡ്രൈവറും കണ്ടക്ടറുമായി സ്വന്തം നാട്ടിലേക്കുള്ള ബസിൽ ഇവർ ഒത്തു ചേർന്നപ്പോൾ അതു സ്നേഹബന്ധത്തിന്റെ ഊട്ടിയുറപ്പിക്കൽ കൂടിയായി.
പത്തനംതിട്ട ചിറ്റാർ നീലിപിലാവ് കൊടുവേലിൽ വീട്ടിൽ കുര്യൻ വർഗീസും മുതുമരതിൽ വീട്ടിൽ ജോൺ മാത്യുവും അയൽവാസികളും ഉറ്റ സുഹൃത്തുക്കളുമാണ്. നിലത്തെഴുത്ത് പ്രായം മുതൽ ഒന്നിച്ച് കളിച്ച്, പഠിച്ചു വളർന്നവർ. ചിറ്റാർ ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പഴാണ് ഇരുവരും വേർപിരിയുന്നത്. തുടർപഠനം വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു. പഠനശേഷം നിയോഗം പോലെ ഇരുവരും കെഎസ്ആർടിസിയിൽ ജോലിയിൽ പ്രവേശിച്ചു.
കുര്യൻ കെഎസ്ആർടിസി ഡ്രൈവറായി ജോലിക്ക് കയറുന്നത് 2009ലാണ്. . 2010ൽ ജോൺ കണ്ടക്ടറായും ജോലിയിൽ പ്രവേശിച്ചു. പല ഡിപ്പോകളിലായി ജോലി ചെയ്തു വരികയായിരുന്നു ഇരുവരും . 2023-ൽ പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് കുര്യന് സ്ഥലംമാറ്റമായി. അതേസമയം തിരുവനന്തപുരത്തുനിന്നും ജോണിന് പത്തനംതിട്ടയിലേക്കും സ്ഥലം മാറ്റമായി. കഴിഞ്ഞയിടെ കുര്യൻ തിരികെ പത്തനംതിട്ട ഡിപ്പോയിലേക്ക് എത്തി.
കഴിഞ്ഞ ഒന്പതിന് ഡ്യൂട്ടി റീ ഷെഡ്യൂൾ ചെയ്തതോടെയാണ് ഇരുവരും പത്തനംതിട്ട - മൂഴിയാർ ബസിലെ കണ്ടക്ടറും ഡ്രൈവറുമായത്. ഇരുവരുടെയും സുഹൃത്തും കെഎസ്ആർടിസി വെഹിക്കിൾ സൂപ്പർവൈസറുമായ ബിജു കുമാർ ഇവരുടെ സൗഹൃദ കഥ എഴുതി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ഫോട്ടോ പങ്കുവച്ചു. ഇതാണ് ഇപ്പോൾ വൈറലായത്.
ജോൺ മാത്യു വിവാഹശേഷം ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ഭാര്യ: യമുന. മക്കൾ: ജിജോ മാത്യു, ജോഫിയ റെയ്ച്ചൽ മാത്യു. കുര്യൻ വർഗീസിന്റെ ഭാര്യ: ഡെയ്സി. മക്കൾ: നിസി, കെസിയ.