കോഴഞ്ചേരിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശം
1533331
Sunday, March 16, 2025 3:26 AM IST
കോഴഞ്ചേരി: അവിശ്വാസം 18നു പരിഗണിക്കാനിരിക്കേ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പും വൈസ് പ്രസിഡന്റ് മിനി സുരേഷും നാളെ രാജിവച്ചേക്കും. ഇന്നലെ കൂടിയ എല്‍ഡിഎഫ് യോഗം ഇരുവരോടും നാളെ രാജിവയ്ക്കാന്‍ നിര്‍ദേശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കോണ്‍ഗ്രസ് നല്കിയ അവിശ്വാസ പ്രമേയം 18നു പരിഗണിക്കാനിരിക്കവേയാണ് രാജി നല്കാന് നിര്‍ദേശമുണ്ടായത്. കേരള കോണ്‍ഗ്രസിലെ റോയി ഫിലിപ്പ് എല്‍ഡിഎഫ് പിന്തുണയിലാണ് പ്രസിഡന്റായി തുടരുന്നത്. സിപിഐയിലെ മിനി സുരേഷാണ് വൈസ് പ്രസിഡന്റ്.
മൂന്നിന് ചേര്‍ന്ന ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് യോഗം കോറം തികയാത്തതിനാല്‍ നടന്നില്ല. ഇതേത്തുടര്‍ന്നാണ് എല്‍ഡിഎഫിന്റെയും എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങളുടെയും അടിയന്തര യോഗം കോഴഞ്ചേരി ടിബിയില്‍ ചേര്‍ന്നത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പിനെ ക്ഷണിച്ചിരുന്നില്ല.
എന്നാല്‍, രാജി നിര്‍ദേശം ഉണ്ടായതോടെ പ്രസിഡന്റിനെ വിളിച്ചുവരുത്തുകയുണ്ടായി. രാജി നിര്‍ദേശം റോയി ഫിലിപ്പ് അംഗീകരിച്ചതായാണ് സൂചന. അവിശ്വാസത്തെ അനുകൂലിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ റോയി ഫിലിപ്പിനു പാര്‍ട്ടി വിപ്പ് ലഭിച്ചിരുന്നു.
സിപിഎം സംസ്ഥാന കമ്മറ്റിയംഗം കെ.പി. ഉദയഭാനു, എല്‍ഡിഎഫ് കണ്‍വീനര്‍ അലക്സ് കണ്ണമല, നേതാക്കളായ മാത്യൂസ് ജോര്‍ജ്, ടി.വി. സ്റ്റാലിന്, ചെറിയാന് ജോര്‍ജ് തമ്പു, പി.വി. സതീഷ്കുമാര്‍, എം.വി. സഞ്ജു, അനില്‍ എന്നിവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ് രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് കൂടി തീരുമാനം അറിയിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഐ പ്രതിനിധി പറഞ്ഞെങ്കിലും രാജിവച്ചേ മതിയാകൂ എന്ന നിര്‍ദ്ദേശമാണ് എല്‍ഡിഎഫ് യോഗത്തിലുണ്ടായത്. രാജിവച്ചതിനുശേഷമുള്ള സ്ഥിതികള്‍ എല്‍ഡിഎഫും പ്രത്യേകം കൂടി തീരുമാനിക്കും.
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ എല്‍ഡിഎഫ് അംഗങ്ങളുടെ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസിലെ മറ്റൊരു അംഗം യുഡിഎഫിനൊപ്പം അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് ഭരണ പ്രതിസന്ധി ഉണ്ടായത്.
അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങള്‍ക്കു വിപ്പ് കൂടി നല്‍കിയതോടെ എല്‍ഡിഎഫും വെട്ടിലായി.