പത്തനംതിട്ട ജനറൽ ആശുപത്രിക്ക് : മൂന്നു കോടി രൂപയുടെ വെള്ളക്കരം കുടിശിക
1533327
Sunday, March 16, 2025 3:26 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിക്ക് മൂന്നു കോടി രൂപ വെള്ളക്കരം ഇനത്തിൽ കുടിശിക. ഇത്തരത്തിൽ ലഭ്യമാകാനുള്ള കുടിശികയുമായി മുന്പോട്ടു പോകാനാകില്ലെന്നും കണക്ഷൻ വിച്ഛേദിക്കുമെന്നും കാട്ടി ജല അഥോറിറ്റി കത്തു നൽകി. നിലവിൽ ജലക്ഷാമം നേരിടുന്ന ആശുപത്രിക്ക് ജലഅഥോറിറ്റി വെള്ളംകൂടി നിഷേധിച്ചാൽ കൂനിന്മേൽ കുരുവായി മാറും. ആശുപത്രി കിണറ്റിലെ വെള്ളം കുറഞ്ഞതോടെ ജലക്ഷാമം രൂക്ഷമാണ്.
കോന്നി മെഡിക്കൽ കോളജിന് 18 ലക്ഷം രൂപയുടെ കുടിശികയുണ്ട്. മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചശേഷം വെള്ളക്കരം ലഭ്യമായിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. പത്തനംതിട്ടയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷന് 1,11,96,373 രൂപയുടെ വെള്ളക്കരം കുടിശികയുണ്ട്. മല്ലപ്പള്ളി സിവിൽ സ്റ്റേഷന് 9,04,964 രൂപയാണ് കുടിശികത്തുക.
കുടിശികത്തുക 23നകം അടച്ചില്ലെങ്കിൽ 24 മുതൽ വാട്ടർ കണക്ഷൻ വിച്ഛേദിക്കുമെന്നാണ് ജല അഥോറിറ്റിയുടെ മുന്നറിയിപ്പ്. ജല അഥോറിറ്റി തിരുവല്ല, പത്തനംതിട്ട പിഎച്ച് ഡിവിഷൻ ഓഫീസുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങൾക്കടക്കം ഇതു സംബന്ധമായ നോട്ടീസ് നൽകിയതായി സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.
ഗാർഹിക കണക്ഷനുകളിലും കുടിശിക
ഗാർഹിക കണക്ഷനുകളിലും വൻകുടിശികയാണ് ജല അഥോറിറ്റിക്കുള്ളത്. നോട്ടീസുകൾ നൽകിയിട്ടും കണക്ഷൻ വിച്ഛേദിച്ചിട്ടും കുടിശിക പിരിക്കാനാകുന്നില്ല. ഇളവുകൾ നൽകി വെള്ളക്കരം പിരിക്കാൻ നടത്തിയ ശ്രമങ്ങളോടും ഉപഭോക്താക്കൾ സഹകരിക്കുന്നില്ല. ജലവിതരണം പ്രതിസന്ധിയിലായതാണ് ഇതിനു പ്രധാന കാരണം.
വെള്ളം ലഭിക്കാതെ വന്നതോടെ ബില്ല് അടയ്ക്കുന്നില്ലെന്ന തീരുമാനത്തിലാണ് ഉപഭോക്താക്കളിൽ നല്ലൊരു പങ്കും. മാസങ്ങളായി ഇതോടെ പലർക്കും വെള്ളക്കരം കുടിശികയായി. വാട്ടർ മീറ്ററിലെ തകരാറുകൾ, പൈപ്പ് പൊട്ടലുകൾ, ചോർച്ച തുടങ്ങിയ പ്രശ്നങ്ങളിൽ അധികബില്ല് ലഭിച്ചെന്ന പരാതികളും വ്യാപകമായുണ്ട്.
പന്പിംഗും ബുദ്ധിമുട്ടിൽ
ജല അഥോറിറ്റിയുടെ മിക്ക പന്പ് ഹൗസുകളിലും ജലവിതരണവും പ്രതിസന്ധിയിലായി. ആഴ്ചയിൽ ഒരുദിവസം പോലും പന്പിംഗ് നടത്താനാകാത്ത സ്ഥലങ്ങളുണ്ട്. വേനൽ രൂക്ഷമായതിനു പിന്നാലെ ജലലഭ്യത കുറഞ്ഞതും മോട്ടോറുകളുടെ തകരാറുകളുമാണ് പ്രധാന പ്രശ്നം. പന്പ, അച്ചൻകോവിൽ, മണിമല നദികളുടെ തീരങ്ങളിലാണ് ജലവിതരണ പദ്ധതികളുടെ സ്രോതസുകളേറെയും.
നദിയിൽ ജലനിരപ്പ് താഴ്ന്നതിനു പിന്നാലെ പന്പിംഗ് മേഖലകളിലും വെള്ളം കുറഞ്ഞു. ഇതോടെ താത്കാലിക തടയണകൾ നിർമിച്ചും മറ്റും നദിയിൽ വെള്ളം തടഞ്ഞുനിർത്തിയാണ് പലയിടത്തും പന്പിംഗ് നടത്തുന്നത്.
കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ള സ്രോതസുകളെ ആശ്രയിച്ച് പന്പിംഗ് നടത്തുന്ന ചെറുകിട പദ്ധതികളും പ്രതിസന്ധിയിലാണ്. ഇതിനൊപ്പമാണ് മോട്ടോറുകളുടെ തകരാർ പല പദ്ധതികളെയും ബാധിച്ചത്. കിണറുകളിൽ വെള്ളം കുറഞ്ഞതിനു പിന്നാലെയുള്ള പന്പിംഗിൽ മോട്ടോർ തകരാറിലാകുന്നത് പതിവായി.
പത്തനംതിട്ട നഗരത്തിൽ അടക്കം പൈപ്പ് പൊട്ടലാണ് പ്രധാന പ്രശ്നം. സമീപകാലത്ത് മാറ്റിയിട്ട പൈപ്പുകൾ പോലും പൊട്ടുന്നത് പതിവു സംഭവമായിട്ടുണ്ട്. പ്രധാന പൈപ്പുകൾ പൊട്ടുന്നതിനിടെ ജലവിതരണം ദിവസങ്ങളോളം തടസപ്പെടും.