മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോ അവഗണനയില്‍
1533753
Monday, March 17, 2025 4:14 AM IST
33 ഷെഡ്യൂളുകള്‍, ബസുകള്‍ 28
മല്ലപ്പള്ളി: കെഎസ്ആര്‍ടിസി മല്ലപ്പള്ളി സബ് ഡിപ്പോയുടെ പരാധീനതകള്‍ തുടരുന്നു. മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനായി ആരംഭിച്ച ഡിപ്പോ ഇപ്പോഴും പരാധീനതകളുടെ നടുവിലാണ്. മല്ലപ്പള്ളി ടൗണില്‍ നിന്നു മാറിയാണ് സബ്ഡിപ്പോയുടെ ആസ്ഥാനമെന്നതിനാല് യാത്രക്കാരാരും ഇങ്ങോട്ടു വരാറില്ല. ബസുകളും ഷെഡ്യൂള്‍ സമയത്ത് ഡിപ്പോയില്‍ കയറാറില്ല.
33 ഷെഡ്യൂളുകളാണ ്നിലവില് ഡിപ്പോ്യക്കുള്ളത്. ഇതിനുവേണ്ടി കോര്പറേഷന് നല്‍കിയിരിക്കുന്നത് 28 ബസുകളാണ്. ഇതുപയോഗിച്ച് പ്രതിദിന സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ അഞ്ചിലധികം ഷെഡ്യൂളുകള്‍ ഓരോദിവസവും മുടങ്ങുന്നു. 28 ബസുകളും എല്ലാദിവസവും ഓടിക്കാനാകുന്നില്ല.
പണികള്‍ക്കായി ഇവ വര്‍ക്ക്ഷോപ്പില്‍ കയറ്റുന്നതോടെ ഷെഡ്യൂള്‍ മുടക്കം പതിവ് സംഭവം. ബസിന്റെ കുറവു കാരണം അഞ്ച് ഷെഡ്യൂളുകള്‍ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. ഡിപ്പോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെങ്കിലും കോര്‍പറേഷന്റെ ഭാഗത്തു നിന്ന് വികസനാവശ്യത്തിനുള്ള പിന്തുണ ലഭ്യമാകുന്നില്ലെന്നാണ് പരാതി. 3.5 ലക്ഷം രൂപവരെ പ്രതിദിന വരുമാനമുണ്ട്.
കോട്ടയം - കോഴഞ്ചേരി ചെയിന്‍ സര്‍വീസ്
2008ല്‍ മാത്യു ടി. തോമസ് ഗതാഗതമന്ത്രിയായിരിക്കവേയാണ് കോട്ടയം - കോഴഞ്ചേരി ചെയിന്‍ സര്‍വീസ് ആരംഭിച്ചത്. 14 ബസുകളുമായാണ് അന്ന് ചെയിന്‍ സര്‍വീസ് ഓടിത്തുടങ്ങിയത്. 11 ബസുകളാണ് നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. എന്നാല്‍ ചില ദിവസങ്ങളില്‍ ഇത് എട്ട് ബസുകളായി കുറയുന്നു. ഡിപ്പോയുടെ പ്രസ്റ്റീജ് സര്‍വീസുകളായി തുടങ്ങിയ കല്ലൂപ്പാറ - തിരുവല്ല, മല്ലപ്പള്ളി - ചുങ്കപ്പാറ ഷെഡ്യൂളുകളും മുടങ്ങുകയാണ്.
ചുങ്കപ്പാറ - കല്ലൂപ്പാറ - തിരുവല്ല ചെയിന്‍ സര്‍വീസ് ലാഭകരമായി ഓടിയിരുന്നതാണ്. ഡിപ്പോയിലെ പല ബസുകളും മറ്റിടങ്ങളിലേക്ക് മാറ്റിയെങ്കിലും പകരം നല്‍കിയില്ല. ഇതോടെയാണ ്പല ഷെഡ്യൂളുകളും നിര്‍ത്തേണ്ടിവന്നത്. ചങ്ങനാശേരി - മല്ലപ്പള്ളി - റാന്നി ചെയിന്‍ സര്വീസിനടക്കമുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചതാണെങ്കിലും ഓടിക്കാന്‍ ബസുകള്‍ നല്‍കിയില്ല. ഇതോടെ റാന്നി റൂട്ടിലുണ്ടായിരുന്ന ഏകബസും റാന്നി ഡിപ്പോയ്ക്കു കൈമാറി.
ദീര്‍ഘദൂര സര്‍വീസുകള്‍
പാലക്കാട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളുടെ വരുമാനമാണ ് സബ് ഡിപ്പോയെ പിടിച്ചു നിര്‍ത്തുന്നത്. ഇതില്‍ ചില ഷെഡ്യൂളുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റാന്‍ ഇടയ്ക്കു ശ്രമം നടന്നിരുന്നു. മല്ലപ്പള്ളി വഴിയുള്ള കോട്ടയം റൂട്ട് വികസിപ്പിച്ച് പുതിയ ഷെഡ്യൂളുകള്‍ കെഎസ്ആര്‍ടിസി സമീപകാലത്ത് ആരംഭിച്ചിരുന്നു. ഇവയെല്ലാം ലാഭകരമാണ്. കൂടുതല്‍ ദീര്‍ഘദൂര ബസുകള്‍ മല്ലപ്പള്ളി ഡിപ്പോ കേന്ദ്രീകരിച്ച് ആരംഭിക്കണമെന്നാണ് നിര്‍ദേശം.
ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്. ജീവനക്കാരുടെ താമസസൗകര്യം അടക്കം പ്രശ്നങ്ങളുണ്ട്. വനിതാ ജീവനക്കാര്‍ക്കായി വിശ്രമമുറിയോ ശുചിമുറി സൗകര്യങ്ങളോ ഇല്ല. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചെങ്കിലും പണി നടന്നിട്ടില്ല.
ബസുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യവും ഗാരേജിനില്ല. മെക്കാനിക്കല്‍ കണ്ടീഷന്‍ ഉറപ്പാക്കാന്‍ റാംപ് നിര്‍മിക്കണമെന്നാവശ്യവും പരിഗണിച്ചിട്ടില്ല. ഡീസല്‍ പമ്പും മല്ലപ്പള്ളിക്കു നല്‍കിയിട്ടില്ല.