ഭക്ഷ്യസംസ്കരണ പാര്‍ക്കില്‍ മാലിന്യസംസ്കരണ കേന്ദ്രം അനുവദിക്കില്ല: സിപിഎം
1533336
Sunday, March 16, 2025 3:26 AM IST
പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സിപിഎം. ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായുള്ള ഒരു സ്ഥാപനവും ഏനാദിമംഗലം കിന്‍ഫ്രയില്‍ അനുവദിക്കില്ല.
ഇത് സംബന്ധിച്ച് കെ യു ജനീഷ്കുമാര്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനില്‍ മന്ത്രി പി രാജീവ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിലപാടിനെ സിപിഎം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ 2019ല്‍ അഞ്ചേക്കര്‍ ഭൂമി അനുവദിച്ചിരുന്നു.
വ്യവസായ സംരംഭങ്ങള്‍ക്കും ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ക്കുമായി സ്ഥാപിച്ച കിന്‍ഫ്ര പാര്‍ക്കില്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് പാര്‍ക്കിലെ മറ്റു വ്യവസായ സംരംഭങ്ങള്‍ക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ക്കും പാര്ക്കിന് സമീപത്തു താമസിക്കുന്ന പൊതുജനങ്ങള്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
കിന്‍ഫ്ര പാര്‍ക്കില്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും വിപ്രോയും, ഫിപ്ല്കാര്ട്ട്, റിലയന്‍സും പോലുള്ള പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ വാങ്ങുന്നുമുണ്ട്.
മാലിന്യസംസ്കരണ പ്ലാന്റ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ ഈ കമ്പനികള്‍ പാര്‍ക്കിലെ സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാധ്യത ഏറെയാണ്. ഇത് ആയിരക്കണക്കിന് കോടി രൂപ നിക്ഷേപം നടത്തിയിരിക്കുന്ന നിക്ഷേപകരെയും ദോഷകരമായി ബാധിക്കും.
മാലിന്യ സംസ്കരണ പ്ലാന്റ് ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്നതില്‍ നിന്നും കിന്‍ഫ്ര ബോര്‍ഡ് പിന്മാറണമെന്നും ആള്‍ത്താമസമില്ലാത്ത പ്രദേശത്ത് മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങുകയാണ് വേണ്ടതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.