കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ് യോഗം കോറം തികയാതെ പിരിഞ്ഞു
1533065
Saturday, March 15, 2025 4:04 AM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ 2025-2026 ബജറ്റ് യോഗം കോറം തികയാത്തതിനാല്‍ നടന്നില്ല. 13 അംഗങ്ങളില്‍ പ്രസിഡന്റ് റോയി ഫിലിപ്പ്, വൈസ് പ്രസിഡന്റ് മിനി സുരേഷ്, സിപിഎം ഏരിയാകമ്മിറ്റി അംഗം ബിജിലി പി. ഈശോ എന്നീ മൂന്നുപേര്‍ മാത്രമാണ് പങ്കെടുത്തത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സോണി കൊച്ചുതുണ്ടിയില്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ആരുംതന്നെ യോഗത്തില്‍ പങ്കെടുത്തില്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ കോണ്‍ഗ്രസ് നല്കിയ അവിശ്വാസപ്രമേയത്തിന്റെ ചര്‍ച്ച 18നു നടക്കാനിരിക്കവേയാണ് ഇന്നലെ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ നിന്നും അംഗങ്ങള്‍ വിട്ടുനിന്നത്. ഇന്നുരാവിലെ 10ന് കോഴഞ്ചേരി ടിബിയില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
യോഗത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവും എല്‍ഡിഎഫ് ജില്ലാ നേതാക്കളും പങ്കെടുക്കും. ഇന്നലെ രാവിലെ 11ന് ബജറ്റ് യോഗം നടക്കുന്നതിന് തൊട്ടുമുന്‍പ് സിപിഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ എല്‍ഡിഎഫ് അംഗങ്ങളെ വിളിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് യോഗത്തില്‍ നിന്ന് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു.
എല്‍ഡിഎഫ് അംഗങ്ങള്‍ക്കിടയിലെ അസ്വാരസ്യമാണ് ബജറ്റ് യോഗം അലസിയതിന്റെ പിന്നിൽ പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുനിത ഫിലിപ്പ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് സ്വന്തം മുന്നണിയിലെ അംഗങ്ങള്‍ തന്നെ ബജറ്റ് യോഗം ബഹിഷ്കരിച്ചതെന്നും ധാർമികതയുണ്ടെങ്കില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കേ അതിനുമുന്‍പു നടന്ന ബജറ്റ് യോഗം കോറം തികയാതെ നടക്കാതിരുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയമാണെന്നും അവിശ്വാസപ്രമേയം പാസാകുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ റോയി ഫിലിപ്പ് എല്‍ഡിഎഫ് പിന്തുണയിലാണ് നിലവില്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത്. സിപിഐയിലെ മിനി സുരേഷാണ് വൈസ് പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ കേരള കോണ്‍ഗ്രസിലെ സാലി ഫിലിപ്പിനുവേണ്ടി സ്ഥാനം ഒഴിയണമെന്ന നിർദേശം പാലിക്കാതെ വന്നതോടെയാണ് അവിശ്വാസത്തിലേക്കു നീങ്ങാൻ കാരണമായതെന്നു പറയുന്നു.
അവിശ്വാപ്രമേയത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് റോയി ഫിലിപ്പിനും സാലി ഫിലിപ്പിനും കേരള കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. സ്വന്തം പേരിലുള്ള അവിശ്വാസപ്രമേയത്തെ പിന്തുണക്കാതെ പ്രസിഡന്റ് റോയി ഫിലിപ്പ് രാജിവയ്ക്കാനുള്ള സാധ്യത ഏറെയാണ്. 13 അംഗങ്ങളില്‍ യുഡിഎഫ് - നാല്, എല്‍ഡിഎഫ് - ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കേരള കോണ്‍ഗ്രസില്‍ നിന്നും റോയി ഫിലിപ്പും എല്‍ഡിഎഫിലെത്തിയതോടെയാണ് അംഗസംഖ്യ ഏഴായി ഉയർന്നത്.
ബജറ്റ് യോഗം വീണ്ടും ചേരും
സാന്പത്തിക വർഷം അവസാനിക്കുന്ന 31 നു മുന്‍പ് ഗ്രാമപഞ്ചായത്ത് ബജറ്റ് പാസാക്കേണ്ടതുള്ളതിനാല് കോഴഞ്ചേരിയിൽ ഇതിനായി പ്രത്യേക യോഗം ചേരേണ്ടിവരും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അവിശ്വാസം പാസായാൽ വീണ്ടും പ്രതിസന്ധിയുണ്ടാകും.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കൂടിയായ വൈസ് പ്രസിഡന്റാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. വൈസ് പ്രസിഡന്റിനെതിരേയും അവിശ്വാസ നോട്ടീസ് നിലനിൽക്കുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചുമതല ഏൽക്കും.
31നു മുന്‍പായി ബജറ്റ് പാസാക്കുന്നില്ലെങ്കിൽ നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ബജറ്റ് പാസായിട്ടില്ലെങ്കിൽ പഞ്ചായത്തിലെ ഏതൊരു വോട്ടർക്കും ഓംബുഡ്സ്മാനെ സമീപിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്തംഗം ഓമല്ലൂർ ശങ്കരൻ ചൂണ്ടിക്കാട്ടി.