തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വിപ്പ് ലംഘനം : നാല് മെംബർമാരെ സിപിഎം പുറത്താക്കി
1495672
Thursday, January 16, 2025 4:03 AM IST
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ വിപ്പ് ലംഘിച്ച മെംബർമാരെ സിപിഎം പുറത്താക്കി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.എസ്. ബിനോയ് ചരിവുപുരയിടത്തില്‍, വൈസ് പ്രസിഡന്റായിരുന്ന ഷെറിന് റോയി എന്നിവര്‍ക്കെതിരേയുള്ള അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്നും വിട്ടുനിൽക്കണമെന്ന വിപ്പ് ലംഘിച്ചതിനാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്. കൃഷ്ണകുമാര്‍, റെന്‍സി കെ. രാജന്, സിസിലി തോമസ്, റീന തോമസ് എന്നിവരെയാണ് പുറത്താക്കിയത്.
ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. തോട്ടപ്പുഴശേരി ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
യോഗത്തില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ്മോന് അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ. പത്മകുമാര്‍ പങ്കെടുത്തു.
അവിശ്വാസത്തെത്തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച അജിത ടി. ജോർജിന് വോട്ട് ചെയ്യണമെന്നുള്ള പാര്‍ട്ടിയുടെ രണ്ടാമത്തെ വിപ്പും നാല് മെംബർമാരും ലംഘിച്ചിരുന്നു. തുടർന്നാണ് തിടുക്കത്തില്‍ ലോക്കൽ, ഏരിയാ കമ്മിറ്റികൾ ചേർന്ന് ഇവരെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. വിപ്പ് ലംഘിച്ച നാലുപേരുടെയും പഞ്ചായത്ത് അംഗത്വം അയോഗ്യമാക്കാനുള്ള പരാതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയിട്ടുണ്ടെന്ന് ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിന് അറിയിച്ചു.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട കൃഷ്ണകുമാറും സിസിലി തോമസും കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാക്രമം തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റെ വിപ്പ് രണ്ടുപ്രാവശ്യം ലംഘിക്കുകയും പിന്നീട് കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവർത്തിച്ച പഞ്ചായത്തംഗങ്ങളെ പുറത്താക്കിയതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം വിശദമാക്കുന്നതിന് 25നുശേഷം പൊതുയോഗവും പ്രകടനവും നടത്താനും ഏരിയാ കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉൾപ്പെടെ പങ്കെടുക്കും. മുന്‍പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ചരിവുപുരയിടത്തില്‍, മുന്‍ വൈസ് പ്രസിഡന്റ് ഷെറിന് റോയി എന്നിവര്‍ക്ക് സിപിഎം അംഗത്വം നല്‍കുന്നതിനും ധാരണയായതായാണ് സൂചന.