അടൂരില്‍ വ്യാപാര സ്ഥാപനത്തിനു തീ പിടിച്ചു
1495670
Thursday, January 16, 2025 4:03 AM IST
അടൂര്‍: വ്യാപാര സ്ഥാപനത്തിനുള്ളില്‍ തീ പിടിച്ചു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് അടൂര്‍ ജനറല്‍ ആശുപത്രിക്കു സമീപമുള്ള കടയില്‍ തീ പിടിച്ചത്. കടയ്ക്കു പുറത്തേക്ക് തീയും പുകയും വരുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. സേന സ്ഥലത്തെത്തി കടയുടെ പൂട്ട് പൊളിച്ച് വെള്ളം പമ്പു ചെയ്തു തീ നിയന്ത്രണ വിധേയമാക്കി.
പന്നിവിഴ സ്വദേശി ദിലീപ് കുമാര്‍ നടത്തിവരുന്ന പേപ്പര്‍ മാർട്ടാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മകനു സുഖമില്ലെന്നു വീട്ടില്‍നിന്നും അറിയിച്ചതിനേത്തുടർന്ന് കടയുടമ പൊടുന്നനേ സ്ഥാപനം അടച്ചു പോകുകയായിരുന്നുവെന്ന് പറയുന്നു.
ദിവസവും സന്ധ്യയ്ക്കു കത്തിക്കുന്ന നിലവിളക്ക് അണയ്ക്കാതെയാണ് കട അടച്ചത്. രാത്രിയില്‍ കടയ്ക്കുള്ളില്‍ കയറിയ എലികള്‍ ഓടി നടന്നപ്പോള്‍ വിളക്കില്‍ തട്ടി മറിഞ്ഞതാണ് തീ പിടിത്തത്തിനു കാരണമായതെന്നാണ് അഗ്നിശമന സേനയുടെ നിഗമനം. ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.