ഭൂഗർഭ ജലനിരപ്പ് താഴ്ന്നു : കുടിവെള്ളക്ഷാമം രൂക്ഷമാകും
1495961
Friday, January 17, 2025 2:55 AM IST
പത്തനംതിട്ട: വേനൽ ആരംഭിച്ചതോടെ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. മലയോര മേഖലയിലെ പത്തു പഞ്ചായത്തുകളിലെ ഭൂഗർഭ ജലനിരപ്പ് ഇതിനോടകം ക്രമാതീതമായി താഴ്ന്നതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ വേനലിന്റെ കാഠിന്യം വർധിച്ചാൽ കൂടുതൽ പഞ്ചായത്തുകളിലും നഗരസഭകളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാകും.
സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത്. എന്നാൽ ഇത്തവണ വേനലിന്റെ തുടക്കത്തിലേ കുടിവെള്ളക്ഷാമം ആശങ്കാജനകമാണ്. കഴിഞ്ഞയാഴ്ച ചെറിയ മഴ ലഭിച്ചതും അന്തരീക്ഷ താപനില വർധിക്കാനും വെള്ളം വറ്റാനും കാരണമായിട്ടുണ്ട്.
വരാൻ പോകുന്ന കൊടിയ വരൾച്ചയെ നേരിടാൻ കിണർ റീച്ചാർജിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചിന്തിക്കുന്നുണ്ട്. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും സഹായം ചില പഞ്ചായത്തുകൾ തേടിയിട്ടുണ്ട്.
മഴയിലും വരൾച്ചയിലും മുന്നിൽ
സംസ്ഥാനത്ത് മഴ ഏറ്റവുമധികം ലഭിക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. കഴിഞ്ഞ കാലവർഷത്തിലും പിന്നാലെ തുലാവർഷത്തിലും അധികമഴയാണ് പത്തനംതിട്ടയിൽ ലഭിച്ചത്. എന്നാൽ വരൾച്ചയുടെ രൂക്ഷത ഏറ്റവുമധികം അനുഭവിക്കുന്ന ജില്ലകളിലൊന്നായും പത്തനംതിട്ട മാറാറുണ്ട്.
ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം ഉൾവലിയാൻ തുടങ്ങിയത് 2018 ലെ മഹാപ്രളയത്തിനു ശേഷമാണെന്ന് ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീചാർജിംഗ് എന്നിവയെക്കുറിച്ച് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രളയാനന്തരം എല്ലാ വർഷവും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ടയെങ്കിലും വെള്ളം ഭൂമിയിൽ താഴുന്നില്ല. ശക്തമായ മഴയിൽ വെള്ളപ്പൊക്കങ്ങളും പോയ വർഷത്തിൽ ഉണ്ടായിട്ടുണ്ട്.
എന്നാൽ വേനലിന്റെ തുടക്കത്തിൽത്തന്നെ പ്രധാന ജലസ്രോതസുകളെല്ലാം വറ്റിവരണ്ടുതുടങ്ങി. കിഴക്കൻ മലയോര ഗ്രാമങ്ങളിലാണ് ഈ പ്രതിഭാസം ഏറ്റുവും കൂടുതൽ കണ്ടുവരുന്നത്. കാർഷിക വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്. വേനൽ മഴയാണ് ഇനിയുള്ള ആശ്രയം.
നദികളിൽ ജലനിരപ്പ് കുറഞ്ഞു
ജില്ലയിലെ പ്രധാന നദികളായ പന്പ, അച്ചൻകോവിൽ, മണിമല, കല്ലാർ നദികളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. നദികൾ പലയിടത്തും നീർച്ചാലുകളായി മാറി.
നദികളിൽ ജലനിരപ്പ് താഴുന്നത് ജലഅഥോറിറ്റിയുടെ പമ്പിംഗിനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ചു നടപ്പാക്കിയിട്ടുള്ള പല കുടിവെള്ള പദ്ധതികളിലും ഇപ്പോൾത്തന്നെ ആവശ്യാനുസരണം വെള്ളമെത്തുന്നില്ലെന്ന പരാതിയുമുണ്ട്.
പ്രമാടം, കോന്നി, അരുവാപ്പുലം, നാറാണംമൂഴി, തണ്ണിത്തോട്, വള്ളിക്കോട്, ഓമല്ലൂർ, റാന്നി, ചിറ്റാർ, സീതത്തോട്, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷമായി വരികയാണ്.