ലഹരി കടത്തുകേസിലെ പ്രതി കരുതൽ തടങ്കലിൽ
1496229
Saturday, January 18, 2025 4:03 AM IST
പത്തനംതിട്ട: മയക്കുമരുന്ന് കടത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി പത്തനംതിട്ട പോലീസ്. മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും അനധികൃത കടത്ത് തടയൽ നിയമ പ്രകാരം, കുമ്പഴ ആനപ്പാറ മൂലക്കൽ പുരയിടം വീട്ടിൽ ഷാജഹാനെ(40)യാണു തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. ഈ വർഷത്തെ ആദ്യത്തേതും ജില്ലയിലെ മൂന്നാമത്തെതുമായ ഉത്തരവാണ് ഇപ്പോൾ പോലീസ് നടപ്പാക്കിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് നടപടി. എൻഡിപിഎസ് നിയമപ്രകാരമുള്ള ഒന്പതു കേസുകളിലും അഞ്ച് അടിപിടി കേസുകളിലും പ്രതിയായ ഇയാൾ, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത 30.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
അടൂർ പോലീസ്, പാലക്കാട് എക്സൈസ്, തിരുവല്ല പോലീസ്, പത്തനംതിട്ട പോലീസ്, പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിച്ചാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇയാളെ ജയിലിലെത്തി പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ഷിബു കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കഴിഞ്ഞവർഷം സെപ്റ്റംബർ 28ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശിപാർശ സമർപ്പിക്കുകയായിരുന്നു.