ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സമാപനം 28ന്
1495966
Friday, January 17, 2025 2:55 AM IST
തിരുവല്ല: തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി 28നു സമാപിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സ്കൂളിലെ വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനുമായിട്ടുള്ള ആരോഗ്യ സംരക്ഷണ കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കും.
മാത്യു ടി. തോമസ് എംഎൽഎ, സ്കൂൾ കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം, തിരുവല്ലനഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, പ്രിൻസിപ്പൽ ജയാ മാത്യു, പ്രഥമാധ്യാപകൻ ഷാജി മാത്യു, പിടിഎ.പ്രസിഡന്റ് സജി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും .
ആഘോഷങ്ങളുടെ ഭാഗമായി 21നു രാവിലെ ഒന്പതു മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ സേവനം ചെയ്തു വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന ഗുരുവന്ദനം പരിപാടി, പൂർവ വിദ്യാർഥി സംഗമം എന്നിവ തുടർന്നു നടക്കും.
മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരുപത കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം തിരുവല്ല രൂപതാധ്യക്ഷനായിരുന്ന ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺ. മാത്യു നെടുങ്ങാടിന്റെയും അനുഗ്രഹാശിസുകളോടെ 1949 ജൂൺ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എൻ. കുഞ്ഞുരാമൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോൺ കച്ചിറമറ്റമായിരുന്നു ആദ്യകാല പ്രഥമാധ്യാപകൻ. 2000 -2001 വർഷത്തിൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തി.
നിലവിൽ 900ൽപരം വിദ്യാർഥികളും 47 അധ്യാപകരും അനധ്യാപകരുമാണ് സ്കൂളിലുള്ളത്. പ്രിൻസിപ്പലായി ജയ മാത്യുവും പ്രഥമാധ്യാപകനായി ഷാജി മാത്യുവും പ്രവർത്തിക്കുന്നു.
എൻസിസി, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ്, റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ബാന്റ് സെറ്റ് തുടങ്ങിയ സന്നദ്ധസംഘടനകൾക്കു പുറമേ ഈ വർഷം എസ്പിസി സംഘടനയും ജൂബിലി വർഷത്തിൽ ലഭ്യമായതിൽ സ്കൂളിന്റെ മികവിന് തിളക്കമാകുന്നു.
സംസ്ഥാന ശാസ്ത്ര കലോത്സവത്തിലും സംസ്ഥാന സ്കൂൾ കലോത്സവത്തിലും സ്കൂളിലെ കുട്ടികൾ മികവാർന്ന വിജയം കൈവരിക്കുകയും ഇത്തവണ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ എൻസിസി കേഡറ്റായ കാർത്തിക് റാം അർഹമാകുകയും ചെയ്തു.
ജൂബിലി വർഷത്തിൽ വിദ്യാലത്തിലെ കുട്ടികൾക്കും അവരുടെ വീട്ടുകാർക്കുംവേണ്ടി ആരോഗ്യ പരിരക്ഷ, സഹപാഠിക്കുവേണ്ടി ഭവനനിർമാണം, സ്കൂളിൽ ആധുനീക രീതിയിലുള്ള ടോയ്ലെറ്റ് സംവിധാനം, സ്ഥിരമായ ഓപ്പൺ എയർ സ്റ്റേജ് തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ഹെഡ്മാസ്റ്റർ ഷാജി മാത്യു, സ്റ്റാഫ് സെക്രട്ടറി സിബി ജേക്കബ്, ഫാ. ഫിലിപ്പ് തായില്യം, പിടിഎ പ്രസിഡന്റ് സജി. ഏബ്രഹാം എന്നിവർ അറിയിച്ചുു.