മുതിർന്ന പൗരന്മാരെ അവഗണിച്ച് മുന്നോട്ടു പോകാനാകില്ല: മന്ത്രി പി. പ്രസാദ്
1495952
Friday, January 17, 2025 2:44 AM IST
കുന്പനാട്: മുതിര്‍ന്ന പൗരന്മാർ ദേശത്തിന്റെ അനുഗ്രഹമാണെന്നും അവർ നാടിന്റെ വികസനത്തിന് വിവിധ തലങ്ങളിൽ നൽകിയ സേവനം അവഗണിക്കാനാകില്ലെന്നും മന്ത്രി പി. പ്രസാദ്. സീനിയർ സിറ്റിസൺ അസോസിയേഷൻ കുമ്പനാട് യൂണിറ്റിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർധനരായ 43 കുടുംബങ്ങൾക്ക് മൂന്നര ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതു സമ്മേളനവും ക്രിസ്മസ് പുതുവത്സര സംഗമവും ക്നാനായ സഭാ കല്ലിശേരി മേഖല അധ്യക്ഷൻ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.
അസോസിയേഷൻ പ്രസിഡന്റ് ഐപ് വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ, പ്രഫ. ഒ. എ. നൈനാൻ, ജൂബിലി കമ്മിറ്റി ചെർമാൻ മാത്യു കല്ലുങ്കത്തറ, സെക്രട്ടറി സഖറിയാ മത്തായി, ട്രഷറർ കോശി മാത്യു, ഡോ. കെ. വി. തോമസ്, മാത്യൂസ് ജോൺ, ജോസഫ് മാത്യു, മാത്യു തോമസ്, ബ്രിഗേഡിയർ റിട്ട വർഗീസ് ജേക്കബ്, ജോർജ് പുത്തൻമഠം എന്നിവർ പ്രസംഗിച്ചു.