മരം മുറിക്കുന്നതിനിടെ യുവാവ് മരിച്ച കേസ് : മുന്നറിയിപ്പു സംബന്ധിച്ച് അവ്യക്തത
1495970
Friday, January 17, 2025 2:55 AM IST
തിരുവല്ല: മുത്തൂർ റോഡിൽ മരം മുറി അറിയിപ്പ് നൽകിയെന്ന് മുനിസിപ്പാലിറ്റി. ഇല്ലെന്ന് പോലീസ്. തിരുവല്ല മുത്തൂർ ഗവൺമെന്റ് എൽപി സ്കൂളിൽ റോഡിലേക്ക് ചാഞ്ഞു നിന്ന മരം കഴിഞ്ഞ നവംബർ 24നു മുറിക്കുന്നതു പോലീസിനെ അറിയിച്ചിരുന്നതായി മുനിസിപ്പാലിറ്റിയും എന്നാൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തിരുവല്ല പോലീസും നിലപാട് വ്യക്തമാക്കുന്ന വിവരാവകാശ മറുപടി പുറത്ത്.
മരം മുറിക്കുന്നതിനു കെട്ടിയ കയറിൽ തട്ടി ആലപ്പുഴ സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ മരം മുറിക്കുന്നതു നഗരസഭ പോലീസിനെയും പി ഡിബ്ല്യുഡിയെയും മുൻകൂറായി അറിയിച്ചതായി നിലപാട് വ്യക്തമാക്കി രംഗത്തുവന്നു . മരം മുറിയുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നുള്ള പൊതുമരാമത്തു വകുപ്പിന്റെ വിവരാവകാശ രേഖയും പുറത്തുവന്നിട്ടുണ്ട് .
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗിനു തിരുവല്ല പോലീസും പൊതുമരാമത്തു വകുപ്പും തിരുവല്ല മുനിസിപ്പാലിറ്റിയും നൽകിയ വിവരാവകാശ മറുപടിയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു .