അയ്യപ്പഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു
1496228
Saturday, January 18, 2025 4:03 AM IST
പത്തനംതിട്ട: അയ്യപ്പഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തന്മാരെയും കൊണ്ട് പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് ചെയിൻ സർവീസ് നടത്തിയ കെഎസ്ആർടിസി ബസാണ് നിലയ്ക്കലിൽ അട്ടത്തോടിനു സമീപമുള്ള വളവിൽ ഇന്നലെ രാവിലെ പത്തോടെ നിയന്ത്രണംവിട്ട് ഇടതുവശത്തെ കുഴിയിലേക്ക് ചരിഞ്ഞത്. പിന്നീട് ചെറിയൊരു മരത്തിൽ തട്ടി ബസ് നിന്നു.
യാത്രക്കാരായ കർണാടക സ്വദേശി എൻ. ബി. തുമ്മിനക്കട്ടി (73), തമിഴ്നാട് സ്വദേശികളായ ധരണി ബാലൻ (12) മുരുകേശൻ (44), കുമാർ (40 ), സുരേഷ് (45), കോഴിക്കോട് സ്വദേശി ജയകുമാർ (53) എന്നിവർക്ക് പരിക്കേറ്റു. വിവരമറിഞ്ഞു പമ്പ, നിലയ്ക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സുകാരും സ്ഥലത്തു പാഞ്ഞെത്തി.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പരിക്കേറ്റവരെ നിലയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ ലഭ്യമാക്കിയശേഷം കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുഴിയിലേക്ക് വീണ ബസ് റിക്കവറി ക്രെയിനുകൾ ഉപയോഗിച്ച് പുറത്തെടുത്ത് സ്ഥലത്തുനിന്നും നിലയ്ക്കലിലേക്ക് മാറ്റി, തടസപ്പെട്ട ഗതാഗതം വൈകാതെ പുനഃസ്ഥാപിക്കുകയും ചെയ്തു.