ജില്ലയിൽ പാൽ ഉത്പാദനം കുറഞ്ഞു
1495948
Friday, January 17, 2025 2:44 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ പാല് ഉത്പാദനം കുറയുന്നു. ദേശീയ ശരാശരി അനുസരിച്ച് ജില്ലയിലും പാല് ഉത്പാദനം കുറയുന്നതായാണ് കണക്കുകളില്‍നിന്നു വ്യക്്തമാകുന്നത്. 2023 ഏപ്രില്‍ മാസം പത്തനംതിട്ട ജില്ലയില്‍ ക്ഷീരസംഘങ്ങള്‍വഴി 1539105 ലിറ്റര്‍ പാല് അളന്നിരുന്നു. 2024 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ഇത് 1212630 ലിറ്ററായി കുറഞ്ഞു. 326475 ലിറ്റര്‍ പാലിന്റെ കുറവാണ് ഒരു വര്‍ഷം ക്ഷീരസംഘങ്ങളില്‍ അളന്ന പാലില്‍ ഉണ്ടായിരിക്കുന്നത്.
ജില്ലയില്‍ ആവശ്യമായ പാല് അനുബന്ധ ഉത്്പന്നങ്ങളുടെ നാലില്‍ ഒരു ഭാഗമാണ് ക്ഷീരോത്പാദക സഹകരണ സംഘങ്ങളില്‍ അളക്കുന്നത്. 40000 ലിറ്റര്‍ പാല് സഹകരണ സംഘങ്ങളില്‍ അളക്കുകയാണെങ്കില്‍ 29000 ലിറ്റര്‍ മില്‍മയിലേക്കും ബാക്കി പ്രാദേശികമായും വിതരണം ചെയ്യുകയാണെന്നു ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മഞ്ജു പറഞ്ഞു.
അഞ്ചു വര്‍ഷമായി പശുവിനെ വളര്‍ത്തി പാല് ശേഖരിച്ച് സംഘങ്ങളില്‍ അളന്നുവന്നവരുടെ എണ്ണത്തിലും കുറവുണ്ടാവുന്നതായി ക്ഷീര വികസന വകുപ്പിന്റെ കണക്കുകളില്‍നിന്നു വ്യക്്തമാകുന്നു. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 198 രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
ഇതില്‍ 183 എണ്ണം അപ്കോസിന് കീഴിലും 15 എണ്ണം അപ്കോസിനു പുറത്തും രജിസ്റ്റര്‍ ചെയ്തിരിക്കുന്നവയാണ്. എന്നാല്‍ ജില്ലയില്‍ പ്രവര്ത്തിക്കുന്നക്ഷീര സംഘങ്ങള്‍ 173 ആയി കുറഞ്ഞതായി സംസ്ഥാന ഡയറി ഡെവലപ്മെന്റ് വകുപ്പിന്റെ കണക്കില്‍ പറയുന്നു.
ക്ഷീരസംഘങ്ങളില്‍ പാല് അളക്കുന്ന ക്ഷീരകര്‍ഷകരുടെ എണ്ണം കുറഞ്ഞുവരുന്നതിനു കാരണം പലതാണ്. ക്ഷീരകര്‍ഷകരുടെ കുട്ടികളുടെ കുടിയേറ്റം മുതല്‍ കാലിത്തീറ്റ വില വർധനയടക്കം ഉത്്പാദനച്ചെലവിലുണ്ടായ വര്‍ധനവരെ കാരണമായിട്ടുണ്ട്. പുതുതലമുറയ്ക്കു പശു വളര്ത്തലിനോട് വിമുഖതയാണ്. പശു വളര്‍ത്തല്‍ നഷ്ടമെന്ന പേരില്‍ പലരും ഇതുപേക്ഷിച്ചു.
വീടുകളില്‍ പശുവിനെ വളര്‍ത്തി പാല് ശേഖരിച്ച് സംഘങ്ങളില്‍ അളക്കുന്നവരുടെ എണ്ണത്തിലാണ് കുറവുണ്ടായത്. ഇതുമൂലം പല സംഘങ്ങളിലും പാൽ വില്പന കുറഞ്ഞു. മില്‍മയ്ക്കു നല്‍കാനും പാല് തികയുന്നില്ല. വൈകുന്നേരങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടാതെവന്നതോടെ ഏറെപ്പേരും പുശവളര്ത്തല് അസാനിപ്പിച്ച മട്ടാണ്.