പത്തനംതിട്ട പീഡനം: പിടിയിലാകാൻ ഇനി മൂന്നു പേർ മാത്രം
1495969
Friday, January 17, 2025 2:55 AM IST
പത്തനംതിട്ട: പ്രതികളുടെ എണ്ണത്തിലും പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി മാറിയ, വിദ്യാർത്ഥിനി നിരന്തര ലൈംഗിക പീഡനത്തിനിരയായ കേസിൽ മൂന്നു പേരൊഴികെ എല്ലാവരും പിടിയിൽ.
ഏറ്റവുമൊടുവിൽ ഇലവുംതിട്ട പോലീസ് നാലു പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റാരോപിതരായ ബഹുഭൂരിപക്ഷം പേരെയും ജയിലിലാക്കാൻ അന്വേഷണസംഘത്തിനു സാധിച്ചു. ആകെയുള്ള 59 പ്രതികളിൽ 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.
അഖിൽ (27), ബിജിത്ത് (23), സൂരജ് (20), രാഹുൽ രാജു ( 25)എന്നിവരാണ് ഇല വുംതിട്ടയിൽ അറസ്റ്റിലായത്. ഇനി കിട്ടാനുള്ള 3 പേരിൽ രണ്ടുപേർ പത്തനംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികൾ പോലീസ് തുടരുകയാണ്. ഇലവുംതിട്ട പോലീസ് ഇനി ഒരു പ്രതിയെകൂടിമാത്രമേ പിടികൂടാനുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലയിലെ നാല് സ്റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1.
പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്തമാക്കുന്നു.
ഒപ്പം പഠിച്ചവരും മുതിർന്ന ക്ലാസ്സുകളിൽ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും. പ്രതികളിൽ പ്രായം കൂടിയയാൾ 44 കാരൻ മാത്രം. ഇപ്പോൾ 19 ഉം 20 ഉം വയസ്സുള്ളവർ സംഭവം നടക്കുമ്പോൾ കൗമാരക്കാരായിരുന്നു എന്നത് ശ്രദ്ധേയം. അറസ്റ്റിലായവരിൽ 5 പേർ പ്രായപൂർത്തിയാകാത്തവരാണ്, പത്തനംതിട്ട 3, ഇലവുംതിട്ട 2 എന്നിങ്ങനെ.
പ്രതികളിൽ 30 ശതമാനം പേരും ചെറുപ്രായക്കാരാണ്, 30 വയസ് കഴിഞ്ഞവർ രണ്ടുപേരും. 18നും 25 നുമിടയിൽ പ്രായമുള്ളവരാണ് അധികവും. പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പീഡനസംഭവങ്ങൾ തുടങ്ങുന്നത്.