കലഞ്ഞൂരിലെ അപകടവളവ് സ്കൂൾ കുട്ടികൾക്കു ഭീഷണി
1495955
Friday, January 17, 2025 2:44 AM IST
കലഞ്ഞൂർ: സംസ്ഥാന പാതയിൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലെ അപകട വളവിൽ വേഗ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.സ്കൂൾ വശത്തുകൂടി സംസ്ഥാന പാതയിലെത്തുന്ന റോഡിന്റെ സമാപന ഭാഗത്തു ഹംപ് സ്ഥാപിക്കാമെന്നു കെഎസ്ടിപി അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും നടപടി കടലാസിൽ ഒതുങ്ങി.
ഇരുചക്ര വാഹനങ്ങളും സ്കൂൾ വിദ്യാർഥികളുടെ സൈക്കിളുകളും അശ്രദ്ധമായാണു സംസ്ഥാന പാതയിൽ എത്തുന്നത്. ഇവിടെയാണു സീബ്ര വരകളും ഹംപും ഉടൻ സ്ഥാപിക്കേണ്ടത്. ഇതേ പാതയിൽ പുനലൂർ മുക്കടവ് ഭാഗത്ത് സ്ഥാപിച്ച തരത്തിലുള്ള ഹംപുകൾ അടക്കം വേഗനിയന്ത്രണ മാർഗങ്ങൾ സ്കൂൾ കവലയിലും സ്ഥാപിക്കാൻ നടപടി വേണമെന്നാണു സ്കൂൾ പിടിഎയുടെയും നാട്ടുകാരുടെയും ആവശ്യം.
ഇവിടത്തെ വഴിവിളക്കും നോക്കുകുത്തിയായി. സ്കൂൾ കവലയിൽ സിപി റോഡ് കഴിയുന്നിടത്തെ നാല് സൗരോർജ വഴിവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങളായി. ട്യൂഷൻ സെന്റിന്റെ ഗേറ്റ് തകർത്ത വാഹനാപകടത്തിൽ ഇതിൽ ഒരു വിളക്കുകാൽ തകർന്നിരുന്നു.
കൂടൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കു രാത്രികാലങ്ങളിൽ റോഡ് ദൃശ്യമാകാൻ ഈ വഴിവിളക്കുകൾ ഏറെ ഉപകാരമായിരുന്നു. അപകടത്തിൽ തകർന വഴിവിളക്കുകളും പുനഃസ്ഥാപിച്ചിട്ടില്ല.