വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു
1496226
Saturday, January 18, 2025 4:03 AM IST
ബിഎഡ് വിദ്യാർഥികളടക്കം 33 പേർക്ക് പരിക്ക്
അടൂർ: വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 33 പേർക്ക് പരിക്ക്. പത്ത് മാസം പ്രായമായ കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭരണിക്കാവ്-മുണ്ടക്കയം ദേശീയ പാതയിൽ കടമ്പനാട് കല്ലുകുഴിയിൽ ഇന്നലെ രാവിലെയാണ് അപകടം.
കൊല്ലം ഫാത്തിമ മെമ്മോറിയൽ ബിഎഡ്കോളജിൽ നിന്നുളള വിദ്യാർഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. അധ്യാപകനായ തിരുവനന്തപുരം സൗപർണം പ്രമോദ് (50), കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൊല്ലം കല്ലുംമൂട്ടിൽ പുത്തൻവീട്ടിൽ സാനിഷ് (39), കൊല്ലം സ്വദേശികളായ എംഎച്ച് മൻസിൽ ആമിന(22),
ഓട്ടുകാട് ഫൈസൽ മൻസിൽ തസ്നി (24), പള്ളിത്തോട്ടം അലീന (22), കൊല്ലം വാടി അക്ഷയ ദീപ്തി വിൻസന്റ് (23), ചവറ സ്വദേശി ജ്യോതി (22), കൊല്ലം പോളയത്തോട് റീനാ കോട്ടേജിൽ അലൻ (24), പറവൂർ കലക്കോട് മനിഭവനിൽ ആഷിമ(22), കൊല്ലം തങ്കശേരി കൽപ്പടയ്ക്കണം ഫേബ (23), ചാത്തന്നൂർ എംഎസ് നിവാസിൽ അതുൽ മുരളി(22), ചവറ പൂന്തുറ മീനത്തേതിൽ രേവതി (24), കൊല്ലാം കാരാട്ട് ഐശ്വര്യ (28),
കൊല്ലം കട്ടച്ചിറ പത്മാലയം മീനാക്ഷി(23), പന്മന തുണ്ടിൽ വർഷ (23), കൊല്ലം കളീലിൽ അതുല്യ(21), ആഞ്ചാംലുംമൂട് സ്വദേശി ഷിഫ്ന(29), പെരുമ്പുഴ ഇടത്തുണ്ടിൽ മുബിസിന(21), മയ്യനാട് കുഴിവിള അമാൻസ(23), കൊല്ലം പള്ളിപുറത്ത് റിഷാൻ(23), കൊല്ലം സ്വദേശി ജിൻസി(23), കൊല്ലം സ്വദേശി ഷെമീമ, ഫാത്തിമ(27),
കൊല്ലം മുണ്ടക്കൽ സദേശി മെബി(27), ബിൻസി എന്നിവരെ അടൂർ ജനറൽ ആശുപത്രിയിലും കൊല്ലം സ്വദേശി റിഷ്വാന(24), കൊല്ലം തെക്കേവിള ഐശ്വര്യ(21), ചാത്തന്നൂർ സ്വദേശി അൻയാ(22),സിസ്റ്റർ ഗ്രിഫി(32), സിസ്റ്റർ ഫെനി (27) എന്നിവരെ അടൂർഹോളിക്രോസ് ആശുപത്രിയിലും കുണ്ടറ വെള്ളമൺ നാന്തിരിക്കൽ അൽഷൈമ(24), ബസ് ഡ്രൈവർ ശൂരനാട് സ്വദേശി അരുൺ സജി(29), സഹായി ആദിക്കാട്ടുകുളങ്ങര സ്വദേശി ആരിഫ്(23) എന്നിവരെ അടൂർ ലൈഫ്ലൈൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മെബി, ബിൻസി എന്നിവരുടെ പരിക്ക് ഗുരുതരമാണ്.
ഇന്നലെ രാവിലെ 6.30 നാണ് അപകടം. 4.30നാണ് ബസ് കൊല്ലത്തുനിന്നു പുറപ്പെട്ടത്. വാഗമണിലേക്കായിരുന്നു യാത്ര. രണ്ടു ബസുകളിലായി 94 പേരാണ് സഞ്ചരിച്ചിരുന്നത്. മുന്നിൽ വന്ന ബസാണ് അപകടത്തിൽപെട്ടത്. അമിത വേഗത്തിൽ എത്തിയ ബസ് വളവും കയറ്റവുമുള്ള ഭാഗത്ത് വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.
അപകടസമയം അതുവഴിയെത്തിയ കെഎസ്ആർടിസി ബസിൽ കേബിൾ കുടുങ്ങി. ഫയർ ഓഫീസർ അഭിലാഷ് ബസിനു മുകളിൽ കയറി കേബിൾ നീക്കം ചെയ്യുകയായിരുന്നു. അപകടത്തെതുടർന്ന് അടൂർ-കടന്പനാട് റോഡിൽ ഗതാഗതവും മുടങ്ങി. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒടിഞ്ഞ വൈദ്യുത പോസ്റ്റുകൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വളവ് വീശിയെടുത്തപ്പോള്‍ വൈദ്യുതപോസ്റ്റില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്നാണ് ഫയര്‍ഫോഴ്സും പോലീസും പറയുന്നത്. ഇടിച്ച പോസ്റ്റ് ഒടിഞ്ഞ് ബസില്‍ പതിച്ചു. സമീപത്തെ വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ആദ്യം ആരംഭിച്ചത്.
പിന്നാലെ അതുവഴി വാഹനങ്ങളിലെത്തിയവരും പോലീസും ഫയർഫോഴ്സും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബസ് പരിശോധിച്ചു.