അപകടത്തിൽപ്പെട്ട കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
1495669
Thursday, January 16, 2025 4:03 AM IST
റാന്നി: ഇടിച്ചു തകര്‍ന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുക്കട - ഇടമണ്‍ - അത്തിക്കയം പാതയിലെ ഇടമുറി പുല്ലമ്പള്ളിപ്പടിയിലെ പ്ലോട്ടുകളായി തിരിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് ഐ 20 മോഡല്‍ വെള്ള കളര്‍ കാര്‍ കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് അപകടത്തിൽപ്പെട്ട കാര്‍ ആരും കാണാതെ ഇവിടെ എത്തിച്ചതാകാനാണ് സാധ്യത. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് ഒഴിഞ്ഞ സ്ഥലത്തു കാർ കിടക്കുന്നത് നാട്ടുകാർ കണ്ടത്.
ഓടിച്ചു പോകാന്‍ കഴിയാത്ത കാര്‍ റിക്കവറി വാഹനം ഉപയോഗിച്ച് ഇവിടെ എത്തിച്ചതാകാമെന്നാണ് കരുതുന്നത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലാണ് കാര്‍.
പരിവാഹന്‍ സൈറ്റില്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭ്യമല്ല. പോലീസിന്റെ പരിശോധനയില്‍ പഴയ ഇന്‍ഷുറന്‍സ് രേഖ കാറില്‍നിന്നും കണ്ടെത്തി. ഇതിലെ വിവരം അനുസരിച്ച് പത്തനംതിട്ട ആർടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഇലവുംതിട്ട സ്വദേശിയുടേതാണ്. എന്നാല്‍ ഇയാള്‍ വര്‍ഷങ്ങളായി സ്ഥലത്തില്ലെന്നാണ് സൂചന.