മാരാമണ്‍ കണ്വന്ഷൻ: പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര ഒന്നിന്
1495967
Friday, January 17, 2025 2:55 AM IST
മാരാമണ്‍: മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പ്രകൃതിക്ക് കാവലാവുക എന്ന സന്ദേശവുമായി മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരി കടവില്‍ മാളികയില്‍നിന്ന് മാരാമണ്ണിലേക്ക് പരിസ്ഥിതി സൗഹൃദ സന്ദേശ യാത്ര സംഘടിപ്പിക്കും.
ഫെബ്രുവരി ഒന്നിനു നടക്കുന്ന യാത്രയില്‍ കടവില്‍ മാളിക മുതല്‍ മാരാമണ്‍ റിട്രീറ്റ് സെന്റര്‍വരെ 130 ഫലവൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി സൗഹൃദ സന്ദേശം നല്‍കും. മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശേരി കടവില്‍ മാളികയില്‍ രാവിലെ എട്ടിന് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലിത്ത യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഉമയാറ്റുകര, ഓതറ എബനേസര്‍, സെന്റ് പോള്‍സ്, സെന്റ് ആന്‍ഡ്രൂസ് ഇടവകകളും ഓതറ എഎംഎം സ്കൂള്‍, നെല്ലിമല ബഥേല്‍, കുമ്പനാട് വലിയ പള്ളി, കൂര്‍ത്തമല, പൂവത്തൂര്‍ സെന്റ് പോള്‍സ്, മാരാമണ്‍, കോഴഞ്ചേരി ഇടവകകളും സന്ദര്‍ശിച്ചു 3.30ന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ എത്തും.
തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മ യുവജനസഖ്യം, സഭയുടെ ഇക്കോളജിക്കല്‍ കമ്മീഷന്, തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രം, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എൻഎസ്എസ് യൂണിറ്റ്, വിവിധ എക്കോ ക്ലബുകള്‍ എന്നിവ യാത്രയില്‍ സഹകരിക്കും.
തെരുവുനാടകം, പരിസ്ഥിതി ഗാനം, പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ എന്നിവ യാത്രയുടെ ഭാഗമായി ഒരുക്കും. അന്നേ ദിവസം ഉച്ചമുതല്‍ പരിസ്ഥിതി വിഷയം അടിസ്ഥാനമാക്കി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം റിട്രീറ്റ് സെന്ററില്‍ ഒരുക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 സൺഡേസ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വ അധ്യക്ഷത വഹിച്ചു. ഡോ. എബി വാരിക്കാട്, പ്രഫ. ഏബ്രഹാം പി. മാത്യു, റവ. ജിജി വര്‍ഗീസ്, പരിസ്ഥിതി കമ്മിറ്റി കണ്‍വീനര്‍മാരായ ലാലമ്മ വര്‍ഗീസ്, ഗീതമ്മ മാത്യു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സാം ചെമ്പകത്തില്‍, മാർത്തോമ്മ സഭ ഇക്കോളജി കമ്മീഷൻ കൺവീനർ റവ. വി.എം. മാത്യു, മാർത്തോമ്മ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. വിനോയ് ദാനിയേൽ എന്നിവര്‍ പ്രസംഗിച്ചു.