സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ജനറൽ കണ്വന്ഷന് 19 മുതൽ തിരുവല്ലയിൽ
1495671
Thursday, January 16, 2025 4:03 AM IST
തിരുവല്ല: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19 മുതൽ 26 വരെ തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്തെ ബിഷപ് ഏബ്രഹാം നഗറിൽ തയാറാക്കിയ പന്തലിൽ നടക്കും.
19നു വൈകുന്നേരം 6.30ന് പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സഭാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും.
ഉദ്ഘാടന സമ്മേളനത്തിനു മുമ്പായി ആറിന് കൺവൻഷൻ പന്തലിന്റെയും സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ സഭയിലെ ബിഷപ്പുമാരുടെ നേതൃത്വത്തിൽ നടക്കും. റവ. ഡോ. രാജാസിംഗ് (ബംഗളൂരു), ബ്രദർ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധർ, ബ്രദർ മനു റസൽ എന്നിവരാണ് മുഖ്യ പ്രസംഗകർ. ബിഷപ്പുമാരായ ഡോ. എം.കെ. കോശി, ഡോ. ടി.സി. ചെറിയാൻ, ഡോ. സി.വി. മാത്യു, എ.ഐ. അലക്സാണ്ടർ എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ നടത്തപ്പെടുന്ന ബൈബിൾ ക്ലാസിന് ബ്രദർ സാജു ജോൺ മാത്യു നേതൃത്വം നൽകും. തിങ്കളാഴ്ച മുതൽ ബുധനാഴ്ചവരെ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും സഭയിലെ പ്രവർത്തകരുടെയും മിഷനറിമാരുടെയും യോഗം, ബുധനാഴ്ച രാവിലെ 10ന് സഭയിലെ സജീവ സേവനത്തിൽനിന്ന് വിരമിക്കുന്ന വൈദികർ, സുവിശേഷകർ, സേവിനിമാർ എന്നിവരെ ആദരിക്കുന്ന സമ്മേളനം എന്നിവ നടക്കും.
എല്ലാ ദിവസവും വൈകുന്നരം 6.30ന് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ വ്യാഴം മുതൽ രാവിലെ 10നും ഉച്ചകഴിഞ്ഞ് രണ്ടിനും പൊതുയോഗങ്ങൾ ഉണ്ടാകും. ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച 55 അംഗ ഗായകസംഘമാണ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. 25നു മിഷനറി സമ്മേളനത്തിൽ 80 സൺഡേസ്കൂൾ വിദ്യാർഥികൾ അടങ്ങിയ ജൂണിയർ ക്വയർ ഗാനങ്ങൾ ആലപിക്കും.
സമാപന ദിവസമായ 26നു രാവിലെ 7.30ന് സഭയിലെ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ആരാധന. ഒന്പതിന് റിപ്പബ്ലിക്ദിന പതാക ഉയർത്തൽ, പ്രത്യേക സ്തോത്ര പ്രാർഥന. ജനറൽ കൺവീനർ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി. മാത്യു, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, റവ. അനിഷ് മാത്യു, കെ.ഒ. രാജുക്കുട്ടി എന്നിവർ പരിപാടികൾ വിശദീകരിച്ചു.