കാട്ടാനയ്ക്ക് കൂട്ടിന് വനപാലകർ, കൃഷിയിടങ്ങൾ ഒഴിയുന്നു
1489011
Sunday, December 22, 2024 4:36 AM IST
പത്തനംതിട്ട: ജില്ലയുടെ കിഴക്കൻ മേഖലകളിൽ കാട്ടാനകൾ നാട്ടിലെ കൃഷിയിടങ്ങളിലേക്ക് കയറുന്നത് വനപാലകരുടെ അകന്പടിയിൽ. മനുഷ്യനു സംരക്ഷണം നൽകാനെന്നപേരിൽ കാടിറങ്ങുന്ന കാട്ടാനകൾക്ക് അകന്പടി സേവിക്കുകയാണ് വനപാലകർ. കാട്ടാനകളുടെ നിത്യസന്ദർശന മേഖലകളിലാണ് വനപാലകർ സംരക്ഷണം തീർക്കുന്നത്.
കക്കാട്ടാറ് കടന്ന് ചിറ്റാർ അള്ളുങ്കൽ പ്രദേശത്ത് സ്ഥിരമായി വന്നുപോകുന്ന കാട്ടാനകൾക്ക് മാസങ്ങളായി വനപാലകരാണ് സംരക്ഷണം നൽകുന്നത്. ആന വരുന്നതും കാത്ത് റോഡിൽ നിലയുറപ്പിക്കുന്ന വനപാലകർ ഇവയെ കയറ്റിവിട്ടശേഷമാണ് മടങ്ങുന്നത്.
ആനകളെ കാണുന്നതിനായി നിരവധിയാളുകൾ എത്തുന്പോൾ അവർക്ക് സംരക്ഷണം നൽകുകയാണ് വനപാലകരുടെ ജോലി. എന്നാൽ കൃഷിയിടങ്ങളിൽ കയറിയ ഈ കാട്ടാനകൾ കർഷകരുടെ ജീവനോപാധികൾ എല്ലാം നശിപ്പിച്ചു കഴിഞ്ഞു.
കാട്ടാന കാടിറങ്ങുന്നതു തടയാൻ നടപടി സ്വീകരിക്കാതെ ഇവയ്ക്കു നാട്ടിൽ അകന്പടി പോകുകയാണ് വനപാലകർ. ചിറ്റാർ - സീതത്തോട് പ്രധാന പാത മുറിച്ചു കടന്നാണ് നിത്യസന്ദർശകരായ കാട്ടാനകളുടെ മടക്കം. രാവിലെ ഇവ വരുന്നതും കാത്താണ് വനപാലകരും നാട്ടുകാരും നിലയുറപ്പിക്കുന്നത്.
നഷ്ടം ജനങ്ങൾ സഹിക്കണം
വന്യമൃഗങ്ങൾ വിതയ്ക്കുന്ന നാശത്തിന്റെ നഷ്ടം കർഷകൻ വഹിച്ചുകൊള്ളണമെന്നാണ് അലിഖിത നയം. കൃഷിയേക്കാളും ജനങ്ങളേക്കാളും പ്രാധാന്യം വന്യമൃഗങ്ങൾക്കാണ്. വന്യമൃഗങ്ങൾ നാശമുണ്ടാക്കുന്ന നാശത്തിന് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും അതെല്ലാം നാമമാത്രമാണ്.
അപേക്ഷ നൽകിയാലും നഷ്ടപരിഹാരം കാലങ്ങൾ കഴിഞ്ഞേ ലഭിക്കൂ. ഉണ്ടാകുന്ന നഷ്ടത്തിന്റെ ഒരു അംശംപോലും ലഭിക്കാറില്ല. കൃഷിച്ചെലവുമായി താരതമ്യം ചെയ്യുന്പോൾ കർഷകരെ കളിയാക്കുന്നതിനു തുല്യമാണ് നഷ്ടപരിഹാരത്തോത്.
നാടൊഴിഞ്ഞ് നാട്ടുകാർ
കാർഷിക വിളകൾ ധാരാളമായി കൃഷി ചെയ്തു വിളവെടുത്തിരുന്ന സീതത്തോട് പഞ്ചായത്തിലെ പല സ്ഥലങ്ങളും ഇന്ന് കർഷകർ ഉപേക്ഷിച്ച മട്ടാണ്. സീതത്തോട് പഞ്ചായത്തിലെ കുന്നം ഗ്രാമത്തിൽ ഇന്നിപ്പോൾ മുപ്പതിൽപരം കുടുംബങ്ങൾ മാത്രമാണുള്ളത്. വർഷങ്ങൾക്കു മുന്പ് 140 കുടുംബങ്ങൾ അധിവസിച്ചിരുന്ന സ്ഥലമാണിത്.
കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങൾ ചേക്കേറിയതോടെ കർഷകർ സ്ഥലം ഒഴിഞ്ഞു തുടങ്ങി. കൃഷിയിടങ്ങളിൽ നല്ലൊരുഭാഗം കാടുകയറി. സീതത്തോട്ടിലെ പഞ്ഞിപ്പാറ, ഇരുപത്തിരണ്ടാം ബ്ലോക്ക്, ആനച്ചന്ത തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
മലയോര മേഖലയിൽ യാതൊരു വിളവും കൃഷിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ആനയും പന്നിയും കുരങ്ങും കാട്ടുപോത്തും എല്ലാം നശിപ്പിക്കും. കടുവയും പുലിയും അടക്കമുള്ളവ മനുഷ്യ ജീവനു ഭീഷണി ഉയർത്തുന്നു.
റബർ തോട്ടങ്ങളിൽ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. വില മെച്ചപ്പെട്ടെങ്കിലും ടാപ്പിംഗിന് ആളെ കിട്ടാത്ത സ്ഥിതിയാണ്. ജീവൻ ഭയന്ന് തോട്ടങ്ങളിൽ പുലർച്ചെ കയറി ടാപ്പിംഗ് നടത്താൻ ആളുകൾ തയാറാകുന്നില്ല. ഇതോടെ പല തോട്ടങ്ങളും കാടുപിടിച്ചു.
വൻതോതിൽ ഭക്ഷ്യോത്പാദനം ഉണ്ടായിരുന്ന മേഖലയിൽ ഇന്നിപ്പോൾ കാർഷിക വിഭവങ്ങൾ നാമമാത്രമാണ്. ഉത്പാദനം പാടെ നിലച്ചു. കാർഷിക ചന്തകളുടെ പ്രവർത്തനവും അസ്തമിച്ചു.