തീർഥാടകർ നാളെമുതൽ എത്തും; നിലയ്ക്കലിൽ ഒരുക്കം പൂർണമായില്ല
1478909
Thursday, November 14, 2024 4:37 AM IST
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിന് നാളെ മുതൽ തീർഥാടകർ എത്തുമെങ്കിലും പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. നിലയ്ക്കൽ കവാടത്തിലെ റോഡുകളുടെ ടാറിംഗ് ഏറെക്കുറെ പൂർത്തിയായി.
എന്നാൽ, പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം പാർക്കിംഗ് ഗ്രൗണ്ടുകളിലേക്കുള്ള റോഡുകളിൽ ടാർ പൊളിഞ്ഞ് മെറ്റൽ ഇളകിക്കിടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണ ജോലികൾ പകുതി പിന്നിട്ടതേയുള്ളൂ. മരാമത്ത് വിഭാഗത്തിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് വൈകാൻ കാരണം.
നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് വിപുലപ്പെടുത്താനുള്ള ജോലികളും പൂർത്തിയായിട്ടില്ല. 10,000 വാഹനങ്ങൾക്ക് നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. പരമാവധി 7000 വാഹനങ്ങൾക്കുവരെയാണ് നിലവിൽ പാർക്കിംഗ് സൗകര്യം. കൂടുതൽ വാഹനങ്ങൾക്കു പാർക്കിംഗ് സൗകര്യം ഒരുക്കണമെങ്കിൽ ശാസ്ത്രീയമായ നടപടികൾ വേണം. ഇതിനായി സാങ്കേതികവിദഗ്ധരുടെ സഹായവും തേടിയിട്ടില്ല.
കെഎസ്ആർടിസിയുടെ പ്രധാന പാർക്കിംഗ് സ്ഥലവും നിലയ്ക്കലാണ്. ചെയിൻ സർവീസുകൾക്കൊപ്പം നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടുകളെ ബന്ധപ്പെടുത്തിയുള്ള സർവീസുകളും പരിഗണനയിലാണ്. എന്നാൽ സൗകര്യങ്ങൾ വർധിപ്പിക്കാനായിട്ടില്ല.
കെഎസ്ആർടിസി യാർഡ് അറ്റകുറ്റപ്പണി
കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്ന യാർഡുകളിലെ മാലിന്യം പോലും നീക്കം ചെയ്തിട്ടില്ല. മുൻ വർഷങ്ങളിൽ യാർഡിൽ വളർന്ന പുല്ലുകൾ നീക്കം ചെയ്ത് ശുചീകരിക്കുമായിരുന്നു. ഭക്തരെ കയറ്റുന്ന കെഎസ്ആർടിസി സ്റ്റാൻഡിലെ അറ്റകുറ്റപ്പണികളും ചെയ്തിട്ടില്ല. ഭക്തർക്ക് വിശ്രമിക്കാനുള്ള ജർമൻ പന്തലിന്റെ ഉപകരണങ്ങൾ ഇറക്കിയിട്ടേയുള്ളൂ. ശുദ്ധജല വിതരണത്തിനുള്ള പൈപ്പുകൾക്ക് ടാപ്പുകളില്ല.
ശുചിമുറികളുടെ വാതിലുകൾ പൊളിഞ്ഞുകിടക്കുകയാണ്. കാട്ടുപന്നികൾ കയറി വൃത്തിഹീനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ടോയ് ലറ്റുകളിലെ ക്ലോസെറ്റുകൾ പൊട്ടിത്തകർന്ന നിലയിലാണ്. കുളിക്കുന്നതിനുളള ഷവറുകൾ പലഭാഗത്തും ഒടിഞ്ഞനിലയിലാണ്.
ദേവസ്വം ബോർഡ് നടത്തുന്ന നിലയ്ക്കൽ പെട്രോൾ പമ്പിൽ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാൻ നടപടിയായില്ല. 24 മണിക്കൂറും പ്രവർത്തിക്കേണ്ട പമ്പിൽ ഒരാൾ മാത്രമാണുള്ളത്. തീർഥാടനം തുടങ്ങുമ്പോൾ കുറഞ്ഞത് പത്തു പേരെങ്കിലും വേണ്ടിവരും. നിലയ്ക്കലിലെ ടോയ് ലറ്റ് കോംപ്ലക്സിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയയില്ല. പലയിടത്തും കാടു കയറി കിടക്കുകയാണ്.
മരാമത്ത് ജീവനക്കാർ കുറവ്
നിലയ്ക്കലിൽ ദേവസ്വം മരാമത്ത് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതിരുന്നതാണ് നടപടികൾ വൈകാൻ കാരണമായത്. പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഒരുക്കങ്ങൾ നടത്താൻ ഒരു അസിസ്റ്റന്റ് എൻജിനിയറും പത്ത് ഓവർസിയർമാരും ഒരു മാസ്റ്റർ പ്ലാൻ സൂപ്പർവൈസറുമാണുള്ളത്.
ഒരു അസി. എൻജിനിയറും മൂന്ന് ഓവർസിയർമാരും കൂടിയുണ്ടെങ്കിൽ വേഗത്തിൽ പണികൾ തീരും. ജോലികൾ പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഓവർസിയർമാർക്ക് എല്ലായിടത്തും ഓടിയെത്താൻ കഴിയുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് എട്ട് ഓവർസിയർമാരെ നിയമിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
നിലയ്ക്കലിലും പമ്പയിലും എത്തുന്ന തീർഥാടകരുടെ വാഹനങ്ങളുടെ ടയറുകളിൽ കാറ്റ് കുറഞ്ഞാലോ പഞ്ചറായാലോ പരിഹരിക്കാൻ നിലവിൽ മാർഗമില്ല. നിലയ്ക്കലിലെയും പമ്പയിലെയും പെട്രോൾ പമ്പുകളിൽ കാറ്റുനിറയ്ക്കൽ യന്ത്രം തകരാറിലാണ്. പമ്പയിൽ കഴിഞ്ഞ സീസണിലും ഇതു പ്രവർത്തിച്ചില്ല. പൂങ്കാവനത്തിൽ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തുന്ന മൊബൈൽ വർക് ഷോപ്പാണ് തീർഥാടകർക്ക് ആശ്രയം.
കുടിവെള്ളം ടാങ്കറുകളിലെത്തിക്കും
നിലയ്ക്കലിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം വൈകുന്നതോടെ ഇക്കുറിയും കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കേണ്ടിവരും. എട്ടുവർഷം മുന്പ് ആരംഭിച്ച പദ്ധതി നിലവിൽ 65ശതമാനമാണ് പൂർത്തിയായിട്ടുള്ളത്. നിലയ്ക്കലിൽ വലിയ മൂന്ന് കോൺക്രീറ്റ് വാട്ടർ ടാങ്കുകളിൽ ഒന്നു മാത്രമാണ് പൂർത്തിയാകാറായത്.
മറ്റ് രണ്ട് വാട്ടർ ടാങ്കുകളുടെ കോൺക്രീറ്റിംഗിനുള്ള കമ്പികൾ കെട്ടുന്ന ജോലികളാണ് നടക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നിലവിൽ നിലയ്ക്കലിൽ വെള്ളം എത്തിക്കുന്നത്. പന്പയിൽ നിന്നും ടാങ്കർ ലോറികളിലാണ് വെള്ളം കൊണ്ടുവരുന്നത്.