ഏറത്ത് ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിനുനേരേ ആക്രമണം : ലഹരി മാഫിയയെന്നു സംശയം
1454567
Friday, September 20, 2024 3:08 AM IST
അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തംഗത്തിന്റെ വീട് ഒരു സംഘം ആളുകൾ തല്ലിത്തകർത്തു. ഏറത്ത് ഗ്രാമപഞ്ചായത്ത് വയല ഏഴാം വാർഡ് അംഗമായ ആർ. രമണെെ വീട്ടിലാണ് കഴിഞ്ഞദിവസം ആക്രമണം നടന്നത്.
ബുധനാഴ്ച രാത്രി 12നാണ് സംഭവം. വയല - നടക്കാവ് റോഡിൽ വടക്കേ കൊട്ടാരത്തിനു സമീപമാണ് രമണന്റെ വീട്. രാത്രി 12ന് കണ്ടാൽ അറിയാവുന്ന മൂന്നുപേർ ഉൾപ്പെടുന്ന 15 അംഗ സംഘമാണ് വീട് ആക്രമിച്ചതെന്ന് രമണൻ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
നാട്ടിൽ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം നടക്കുന്നതായി രക്ഷകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ വൈരാഗ്യത്തിലാണ് വീട് ആക്രമണമെന്ന് രമണൻ പറഞ്ഞു. വീടിന്റെ മുൻവശത്തെ ജനലുകളുടെ ചില്ലുകളും വരാന്തയിൽ കിടന്ന വീട്ടുപകരണങ്ങളും തല്ലിത്തകർത്തു. സംഭവം നടക്കുമ്പോൾ രമണൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യയും കുട്ടികളും ഓണത്തോടനുബന്ധിച്ച് അവരുടെ വീട്ടിലേക്കു പോയിരിക്കുകയായിരുന്നു.
ഏനാത്ത് പോലീസ് രാത്രിതന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്ത് നടന്ന ഓണപരിപാടിക്കിടെ പഞ്ചായത്തംഗവും മറ്റു ചിലരുമായി വാക്കു തർക്കമുണ്ടായതായി ആരോപണമുണ്ട്.
സമീപവാസിയായ പതിനേഴുകാരനെ കഴിഞ്ഞദിവസം പഞ്ചായത്തംഗവും മറ്റ് ചിലരും ചേർന്ന് മർദിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്. ഈ കുട്ടി അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.