വിവിധ മേഖലകളിലെ പ്രതിഭകളെ മാർത്തോമ്മ സഭ ആദരിച്ചു
1454554
Friday, September 20, 2024 2:54 AM IST
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പ്രതിനിധി മണ്ഡലം യോഗത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സഭാംഗങ്ങളെ ആദരിച്ചു. പ്രതിനിധി മണ്ഡലത്തിന്റെ മൂന്നാം ദിവസത്തെ യോഗം വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്. സെന്റ് തോമസ് ദേവാലയത്തിൽ നടന്ന കുർബാനയ്ക്ക് ഡോ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.
സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്,
ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ റവ. ഡോ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ സഹ നേതൃത്വം നൽകി.
തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ സജീവ സേവനത്തിൽനിന്ന് വിരമിച്ച 26 വൈദികരെ ആദരിച്ചു. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, വികാരി ജനറാൾ റവ. ജോർജ് മാത്യു, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
സഭയുടെ 2024 ലെ മാർത്തോമ്മാ മാനവ സേവ അവാർഡ് പ്രമുഖ വ്യവസായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ബംഗളൂരു സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ഇടവകാംഗം അജിത് ഐസക്കിന് സമ്മാനിച്ചു.
സഭയുടെ 2024 ലെ മാർത്തോമ്മാ കർഷക അവാർഡ് മാരാമൺ മാർത്തോമ്മ ഇടവകാംഗം കളത്രയിൽ ഷയ്ജി ജേക്കബ് തോമസിനും പ്രഥമ മാർത്തോമ്മ സ്പോർട്ട്സ് ഗെയിംസ് അവാർഡ് റായ്പൂര് മാർത്തോമ്മ ഇടവകാംഗം കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് റീബാ ബെന്നിക്കും നൽകി.
മികച്ച ഗ്രന്ഥരചനയ്ക്കു വൈദികർക്കുള്ള മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ മാളിയേക്കൽ റവ. എം.സി. ജോർജ് മെമ്മോറിയൽ എൻഡോവ്മെന്റ് പുരസ്കാരം റവ. ഡോ. ഏബ്രഹാം ഫിലിപ്പിനും റവ. മാത്യു തോമസ് വട്ടക്കോട്ടാൽ മെമ്മോറിയൽ എൻഡോവ്മെന്റ് പുരസ്കാരം റവ. ജോസഫ് വർഗീസിനും നൽകി. മാർത്തോമ്മ ഹരിത അവാർഡ് പന്തളം മാർത്തോമ്മ ഇടവകയ്ക്കും (ഇടവക വിഭാഗം) ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യുക്കേഷൻ സെന്ററിനും (സ്ഥാപന വിഭാഗം) (പതിനായിരം രൂപയും ഫലകവും) നൽകി.
2024 ലെ മാർത്തോമ്മാ സെമിത്തേരി സംരക്ഷണ അവാർഡ് ഒന്നാം സ്ഥാനം കുറത്തികാട് ജറുസലേം മാർത്തോമ്മാ ഇടവകയ്ക്കും രണ്ടാം സ്ഥാനം പനവേലി ബഥേൽ മാർത്തോമ്മാ ഇടവകയ്ക്കും സമ്മാനിച്ചു.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടിയ ഡോ. ലിജി സാമുവൽ, ഡോ. റോണി രാജൻ പോൾ എന്നിവർക്കും ഡോക്ടറേറ്റ് നേടിയ 14 അധ്യാപകർക്കും റാങ്ക് നേടിയ ഏഴു വിദ്യാർഥികൾക്കും എസ്എസ്എൽസി ഉന്നത വിജയം നേടിയവർക്കും മെറിറ്റ് അവാർഡുകൾ നൽകി.