പ്ലസ് വൺ വിദ്യാർഥിക്കു മർദനം; സഹപാഠികളായ ഏഴുപേർക്കെതിരേ കേസ്
1452918
Friday, September 13, 2024 3:05 AM IST
കോഴഞ്ചേരി: കോഴഞ്ചേരിയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർഥിയെ അതേ സ്കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർഥി സ്കൂളിന്റെ ശുചിമുറിക്കു സമീപത്തുവച്ച് ക്രൂരമായി മർദിച്ചെന്നു പരാതി.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലോടെ മുഖത്തും തലയ്ക്കും അടിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.
വിവരം പുറത്തു പറഞ്ഞാൽ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. ദൃശ്യങ്ങൾ പുറത്തായതോടെ സ്കൂൾ അധികൃതർ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
തലയ്ക്കും അടിവയറിനും ദേഹമാകെയും വേദനയുണ്ടെന്ന് പറഞ്ഞതിനേത്തുടർന്ന് മകനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദിച്ച കുട്ടിയുടെയും കൂട്ടുകാരായ രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന നാലു പേരുടെയും പേരിൽ പിതാവ് പരാതി നൽകിയതിനേത്തുടർന്ന് പോലീസ് കേസെടുത്തു.