സംസ്ഥാന കായകല്പ് അംഗീകാരം: രണ്ടാം സ്ഥാനം കൊല്ലം ജില്ലാപഞ്ചായത്തിന്
1588117
Sunday, August 31, 2025 6:28 AM IST
കൊല്ലം: കേരള സര്‍ക്കാരിന്റെ കായകൽപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തിയ വിലയിരുത്തലില്‍ കൊല്ലം ജില്ലയ്ക്ക് രണ്ടാം സ്ഥാനം. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളുടെ ശുചിത്വം, രോഗി സൗഹൃദ സേവനങ്ങള്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍, ചികിത്സാ സംവിധാനങ്ങളുടെ ഗുണമേന്മ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയാണ് ജില്ല രണ്ടാം സ്ഥാനം നേടിയത്.
ആയൂര്‍വേദത്തിന് അഞ്ച് ലക്ഷം രൂപയും ഫലകവും ഹോമിയോപ്പതിക്ക് കമന്ററി അവാര്‍ഡായി ഒന്നര ലക്ഷം രൂപയും ഫലകവും ആണ് ലഭിച്ചത്. സംസ്ഥാന തല പുരസ്കാര വിതരണച്ചടങ്ങ് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു.
മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന് അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. അനില്‍ കുമാര്‍, ആയുര്‍വേദ സിഎംഒ ഡോ. പ്രമോദ് കുമാര്‍, ആയുര്‍വേദ ഡിഎംഒ ഡോ. ബിന്ദു, ഡോ. മിനി , ജില്ലാ ഹോമിയോ ഡിഎംഒ ഡോ. അച്ചാമ്മ ലേണു തോമസ്, ജില്ലാ ഹോമിയോപ്പതി സൂപ്രണ്ട് ഡോ. ടി. എസ്. ആശാറാണി എന്നിവര്‍ പങ്കെടുത്തു.