ത്രസിപ്പിച്ച് ജെമിനി സർക്കസ്; തമ്പിൽ ആരവം ഉയരുന്നു
1588112
Sunday, August 31, 2025 6:27 AM IST
കൊല്ലം: വിസ്മയ കാഴ്ചകൾ ഒരുക്കുന്ന സർക്കസ് കലാകാരന്മാരും ഇടവേളയിൽ കാണികളെ ചിരിപ്പിച്ചു നീങ്ങുന്ന ജോക്കർമാരുടെ സംഘവും അരങ്ങു തകർക്കുകയാണ്. ജാസ് ഡ്രമ്മിന്റെയും സാക്സോഫോണിന്റെയും കാതടപ്പിക്കുന്ന ശബ്ദത്തിൽ ശ്വാസം അടക്കി പിടിച്ചിരിക്കുകയാണ് കാണികൾ. അവർക്കു നടുവിലേക്ക് എത്തുന്നതു ട്രപ്പീസ് കലാകാരികൾ. കാണികൾ അമ്പരന്നു നിൽക്കുമ്പോൾ വ്യത്യസ്ത അഭ്യാസങ്ങളുമായി കലാകാരികൾ നിരക്കുന്നു.
ആറു വളയങ്ങൾ ഒരേസമയം ശരീരത്തിലൂടെ പ്രത്യേക താളത്തിൽ ചലിപ്പിച്ച് ആസ്വാദകരുടെ കൈയടി നേടുന്ന കലാകാരി. കൊല്ലം ആശ്രാമം മൈതാനിയിൽ അതിശയ സാഹസിക കാഴ്ചകളുമായി ജമിനി സർക്കസ് തുടരുകയാണ്. ഉച്ചയ്ക്ക് ഒന്ന്, വൈകുന്നേരം നാല്, രാത്രി ഏഴ് എന്നിങ്ങനെ ദിവസേന മൂന്നു പ്രദർശനങ്ങളാണുള്ളത്. 450, 350, 250,150 എന്ന രീതിയിലാണ് (ഒരാൾക്ക്) ടിക്കറ്റ് നിരക്ക്. ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.
റഷ്യൻ, എത്യോപ്യൻ കലാകാരന്മാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളാണ് പ്രധാന ആകർഷണം. കുടുംബ സമേതം സർക്കസ് കാണാൻ എത്തുന്നവരുടെ തിരക്ക് ഏറുകയാണ്. അമേരിക്കൻ സ്പേസ് വീൽ എന്ന അത്യധികം സാഹസികവും അപകട സാധ്യതയുള്ളതുമായ പുതുമയാർന്ന ഇനം പ്രേക്ഷകരെ വിസ്മയിപ്പിക്കും.
ഡബിൾറിംഗ്, റൊമാന്റിക്ക് സാരി ബാലൻസ്, ഡാർക്ക് ലൈറ്റ് ഗ്ളോബ് എന്നിങ്ങനെ ഒട്ടേറെ കാഴ്ചകളുടെയും ലേസർ ലൈറ്റുകളുടെ മനോഹര ദൃശ്യങ്ങളും ശബ്ദഘോഷങ്ങളുടെ പശ്ചാത്ത സംഗീതത്തിൽ 26 ഇനം നൃത്തച്ചുവടുകളും അടക്കം രണ്ടു മണിക്കൂർ നീളുന്ന ജെമിനി സർക്കസ് കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആകർഷിക്കുകയാണ്. സെപ്റ്റംബർ 11ന് സമാപിക്കും.