ഓണം; പൊതുവിപണിയിൽ കളക്ടർ പരിശോധന നടത്തി
1587397
Thursday, August 28, 2025 6:49 AM IST
കൊല്ലം: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ പൊതുവിപണി കേന്ദ്രീകരിച്ചു ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗൺ, എസ്എൻപി മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വിലവിവരപട്ടിക പ്രദര്‍ശനം, ബില്ലുകളുടെ കൃത്യത, പര്‍ച്ചേസ് ബില്ലുകൾ, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില എന്നിവ പരിശോധനക്ക് വിധേയമാക്കി. നിയമപരമായ കൃത്യതയോടെ പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പാക്കിംഗ് ലേബലുകള്‍, പഴം - പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെ വൃത്തിയും വെടിപ്പും തുടങ്ങിയവയും വിലയിരുത്തി.
വരും ദിവസങ്ങളിൽ പഴം - പച്ചക്കറി കടകൾ, വാണിജ്യ - വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ജി.എസ്. ഗോപകുമാർ, കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ.സാറാമ്മ, ലീഗല്‍ മെട്രോളജി ഇൻസ്പെക്ടർ ജി.സജീവ് കുമാർ അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ എം. ഷാനവാസ്, കെ.ഐ.അനില തുടങ്ങിയവർ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.