"സീ അഷ്ടമുടി' സവാരി ഇന്നു മുതൽ
1587391
Thursday, August 28, 2025 6:49 AM IST
കൊല്ലം: അഷ്ടമുടിയുടെ സൗന്ദര്യം നുകർന്നു മണിക്കൂറുകൾ ചെലവഴിക്കാൻ അവസരവുമായി ‘സീ അഷ്ടമുടി’ബോട്ട് ഇന്നുമുതൽ സർവീസ് ആരംഭിക്കും. സായാഹ്ന സവാരി നടത്താൻ സീ അഷ്ടമുടി ബോട്ട് ജലഗതാഗതവകുപ്പ് സർവീസ് വിപുലീകരിച്ചു കഴിഞ്ഞു. സായാഹ്നസവാരിയുടെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം എം. മുകേഷ് എംഎൽഎ നിർവഹിച്ചു.
ഇന്നുമുതൽ ആരംഭിക്കുന്ന സർവീസ് ,വൈകുന്നേരം 4.30നു കൊല്ലം ബോട്ട്ജെട്ടിയിൽനിന്നു തുടങ്ങി കായലിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു പ്രാക്കുളം സാമ്പ്രാണിക്കോടിയിലെത്തി 7.30ന് കൊല്ലത്ത് മടങ്ങിയെത്തും. രണ്ടു നിലകളായുള്ള ബോട്ടിൽ താഴത്തെ നിലയിൽ 60 സീറ്റും മുകളിൽ 30 സീറ്റുമാണ്.
താഴത്തെ നിലയിൽ 400 രൂപ, മുകൾനിലയിൽ 500 രൂപ എന്നിങ്ങനെയാണ് യാത്രാനിരക്ക്. കുടുംബശ്രീ ഒരുക്കുന്ന കായൽവിഭവങ്ങൾ അടങ്ങിയ ഭക്ഷണവുമുണ്ട്.
2023 മാർച്ചിലാണ് സീ അഷ്ടമുടി ബോട്ട് സർവീസ് ആരംഭിച്ചത്. ഇതുവരെ 55,000 യാത്രക്കാർ എത്തിയെന്നും 2.35 കോടിയോളം രൂപയുടെ വരുമാനം ലഭിച്ചിട്ടുണ്ട്. ബോട്ട് യാത്രയ്ക്കുള്ള സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ ഫോൺ: 94000 50390.