ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
1587892
Saturday, August 30, 2025 6:21 AM IST
കുണ്ടറ : ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യ പങ്കാളിയെ തിരുവനന്തപുരം, പാറശാലയില്‍ നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ മൗവഞ്ചേരി മുണ്ടേരി സ്ഥാഹല് വീട്ടില്‍ ഹര്ഷിന് ഹാരിസ്(22) ആണ് അറസ്റ്റിലായത്.
അഞ്ചൽ ഏറം സ്വദേശി ആയ പരാതിക്കാരിക്ക് പാർട്ട് ടൈം ഓൺലൈൻ തൊഴിൽ നല്‍കാം എന്ന് വ്യാജ വാഗ്ദാനം നല്കി 13,96,800 രൂപ തട്ടിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്. ബാങ്ക് ചെക്ക് മുഖേന തട്ടിപ്പ് പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി പിന്‍വലിപ്പിച്ച് ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് എത്തിച്ചു കൊടുക്കുന്ന മുഖ്യ പങ്കാളിയാണ് അറസ്റ്റിലായ ഹാരിസ് എന്ന് പോലീസ് പറഞ്ഞു.
കേസിലെ മറ്റു പ്രതികളായ മുഹമ്മദ് നിഹാല്‍, മുഹമ്മദ് ഫലാലുല് ഹക്ക്, സല്മാന് ലത്തീഫ് എന്നീ മൂന്ന് പേരെ കണ്ണൂരില്‍ നിന്ന് കഴിഞ്ഞ 20 ന് കൊല്ലം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ട്ടര്‍ വി.വി.അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, നൗഫൽ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.