കടൽ വഴി അഷ്ടമുടിയിലേക്കും ലഹരിയുടെ വ്യാപനം: കരുതൽ നടപടികളുമായി കടലോര ജാഗ്രത സമിതി
1588100
Sunday, August 31, 2025 6:21 AM IST
ഒൻപത് വർഷത്തിന് ശേഷം കടലിന്റെ മക്കളുടെ ആവലാതി കേൾക്കാൻ യോഗം നടത്തി
കൊല്ലം: കടൽ വഴി എത്തുന്ന ലഹരി വസ്തുക്കളുടെ വ്യാപനം തടയാൻ കരുതൽ നടപടികളുമായി കടലോര ജാഗ്രത സമിതി. കഴിഞ്ഞ ഒൻപത് വർഷത്തിന് ശേഷം ഇന്നലെ ചേർന്ന സമിതിയുടെ യോഗത്തിലാണ് ലഹരി വ്യാപനത്തിനെതിനെതിരെ തീരുമാനങ്ങൾ എടുത്തത്. മറൈൻ പോലീസ്, കോസ്റ്റൽ പോലീസ് എന്നിവയുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കാൻ ജാഗ്രത സമിതി യോഗത്തിൽ ആവശ്യം ഉയർന്നു.
കടൽ വഴി എത്തുന്ന ലഹരി അഷ്ടമുടി കായലിന്റെ തീരങ്ങളിലേക്ക് വ്യാപിക്കുന്നതായി സമിതിയോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ആരോപിച്ചു.
ശക്തികുളങ്ങര എസ് ഐ എസ്. എ. സബ്ന, റൈറ്റർ പി. എ. ബിന്ദു എന്നിവരാണ് സർക്കിൾ ഇൻസ്പെക്ടറുടെ അസാന്നിധ്യത്തിൽ കേരള പോലീസിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. ശക്തികുളങ്ങര കൗൺസിലർ സുമി, ബോട്ട് ഓണേഴ്സ് പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ അടക്കം 13 അംഗങ്ങളാണ് ജാഗ്രത സമിതി യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ഒന്പത് വർഷമായി സമിതിയുടെ യോഗം ചേരുന്നില്ലെന്നും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും തയാറാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. മത്സ്യത്തൊഴിലാളി യൂണിയനുകളും ബോട്ട് ഓണേഴ്സ് അസോസിയേഷനുകളുമാണ് ഈ ആക്ഷേപം ഉന്നയിച്ചിരുന്നത്.
ഈ സാഹചര്യത്തിൽ എല്ലാ മാസവും കടലോര ജാഗ്രത സമിതിയുടെ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കടൽ വഴി കായൽ തീരങ്ങളിലേക്കുള്ള ലഹരി വ്യാപനം തടയാൻ നടപടികൾ എടുക്കാതിരിക്കെ ദൂര പരിധിയുടെ പേരിലും നിയന്ത്രിക്കപ്പെട്ട വലകൾ ഉപയോഗിക്കുന്നതായി ആരോപിച്ചും കൊല്ലം തീരത്തെ മത്സ്യ തൊഴിലാളികളുടെ ബോട്ടുകൾ പിടികൂടി കേസെടുക്കുന്ന മറൈൻ - കോസ്റ്റൽ പോലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് ജാഗ്രത സമിതി യോഗത്തിൽ ആവശ്യം ഉയർന്നു.
മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയെത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്ന അധികൃതർ ലക്ഷങ്ങളുടെ മത്സ്യമാണ് കൈക്കലാക്കുന്നതെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആരോപിച്ചിട്ടുണ്ട്.
കൊല്ലം തീരത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നിയന്ത്രിക്കപ്പെട്ട വലകൾ ഉപയോഗിക്കുന്നില്ലെന്നും ദൂരപരിധി ലംഘിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് യേശുദാസൻഎസ്. ഫെർണാഡസ് യോഗാനന്തരം പ്രതികരിച്ചു. കൊല്ലത്ത് നിന്ന് കടലിൽ പോകുന്ന പാരമ്പരാകൃത യന്ത്രവൽകൃത യാനങ്ങളും ബോട്ടുകളും ഒരു നിയമ ലംഘനവും നടത്തുന്നില്ല.
"വളം' എന്ന പേരിൽ നിയമ വിരുദ്ധ മൽസ്യ ബന്ധനം നടത്തുന്ന അന്യ സംസ്ഥാനങ്ങളിലെ വൻകിട ബോട്ടുകളുടെ പേരിൽ ക്രൂശിക്കപ്പെടുന്നത് കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികളാണെന്നും യേശുദാസൻ എസ്. ഫെർണാഡസ് ആരോപിച്ചു.