ഓണത്തിനു വേറിട്ട രുചി, ചേന അടപ്രഥമൻ കൊല്ലംവക
1587390
Thursday, August 28, 2025 6:49 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: ഈ കൊല്ലത്തെ ഓണത്തിനു വേറിട്ട രുചി പകരാൻ ചേന പ്രഥമൻ അട ഒരുക്കി കൊല്ലം ഇരവികുളം ബ്ലോക്ക് മേടയിൽമുക്ക് ഹരിതലക്ഷ്മി കൃഷികൂട്ടം. ഇവർ സംസ്ഥാനത്തെ എല്ലാ കൃഷിഭവനിലേക്കും ഓണസ്പെഷലായി ചേന പ്രഥമൻ അട സമ്മാനിക്കും. കൃഷിവകുപ്പ് ഓർഡർ ലഭിച്ചതിനെ തുടർന്നു ചേന പ്രഥമൻ അടയുണ്ടാക്കുന്ന തിരക്കിലാണ് ഇവർ.
കോവിഡ് കാലത്ത് ചേന വിറ്റഴിക്കാൻ ബുദ്ധിമുട്ടനുഭവിച്ച കർഷകരുടെ പ്രയാസം മറികടക്കാൻ തുടങ്ങിയ ഈ ആശയം ഇന്നു കൊല്ലം കൃഷിഭവന്റെ പിന്തുണയോടെ വിജയകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഹരിതലക്ഷ്മിയിലെ അംഗങ്ങൾ.
പായസം പായ്ക്കറ്റുകളിലാക്കി വിൽക്കുന്നുണ്ടെങ്കിലും ഒരുദിവസം മാത്രമേ കേടുകൂടാതെ നിലനിൽക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെ ചേന അടയിലേക്കു ഹരിതലക്ഷ്മിക്കൂട്ടം മാറുകയായിരുന്നു. ഒരാഴ്ച മുന്പുമാത്രം ലഭിച്ച നിർദേശപ്രകാരം കൃഷിക്കൂട്ടം അംഗങ്ങൾ രാപകൽഅധ്വാനിച്ചു അട റെഡിയാക്കികൊണ്ടിരിക്കുകയാണ്. നൂറുഗ്രാമിന്റെ ആറായിരം പായ്ക്കറ്റുകൾ റെഡിയാക്കി കയറ്റി അയയ്ക്കണം.
അടയ്ക്കുപകരം ചേന അട
ചേനപ്പായസം ഹിറ്റായതോടെ ആവശ്യക്കാരേറി. ദീർഘകാലം ചേനപ്പായസം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്നായി ഇവരുടെ ചിന്ത. അങ്ങനെയാണ് സാധാരണ മൈദയിൽനിന്നുള്ള അടയ്ക്കുപകരം ചേന അട ആയാലോ എന്ന് ഇവർക്ക് ആശയമുദിച്ചത്.
ചേനയും ഗോതന്പുമാവും മിക്സ് ചെയ്തു ചപ്പാത്തി അളവിൽ പരത്തി ഡ്രയറിൽ വച്ചുണക്കിയെടുക്കും. കൃഷിവകുപ്പ് മുഖേന കൃഷിക്കൂട്ടത്തിനു സബ്സിഡിനിരക്കിൽ നൽകിയ മൾട്ടിപർപ്പസ് ഡ്രയറിലാണ് അട തയാറാക്കുന്നത്. തിരക്കുവർധിച്ചപ്പോൾ ഒരു ഡ്രയർകൂടി വാങ്ങി.
ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രമാണ് സാങ്കേതികവിദ്യ നൽകുന്നത്. ഗജേന്ദ്രയിനം ചേനയാണ് അടനിർമാണത്തിനു ഉപയോഗിക്കുന്നത്. ഈ ഉത്പന്നം ആകർഷകമായ പാക്കിംഗിലാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. നൂറുഗ്രാം പായ്ക്കറ്റിനു 70 രൂപയാണ് വില. പായ്ക്കറ്റിൽ പത്തുപേർക്കുള്ള പായസം തയാറാക്കാം. ഡിമാൻഡിനനുസരിച്ചു ചേന ലഭ്യമല്ലാത്ത സാഹചര്യത്തിൽ കൂടുതൽ ചേനകൃഷിയിലേക്കും സംഘം ഇറങ്ങുകയാണ്.
ചേനപ്പായസം മാത്രമല്ല
ചേന പായസം മാത്രമല്ല കാരറ്റ് , പപ്പായ, മത്തങ്ങ തുടങ്ങിയ പായസങ്ങളും ഓർഡർഅനുസരിച്ചു വിപണിയിലിറക്കി. ഇപ്പോൾ ഇവരുടെതായി പൊടി ഐറ്റങ്ങളും വിപണിയിലുണ്ട്. മഞ്ഞൾപ്പൊടി, മറ്റു പൊടിയിനങ്ങളായ കാശ്മീരി മുളക് , പിരിയൻ മുളക് , പാണ്ടിമുളക് , മല്ലി, ഗോതന്പ്, റാഗി, മസാല , ഉലുവ തുടങ്ങിയവയെല്ലാം പൊടിയിനങ്ങളായി വിപണിയിലുണ്ട്.ഹരിതലക്ഷ്മി നഴ്സറിയാണ് ആദ്യം ആരംഭിച്ചത്. പതിനട്ട് അംഗസംഘമാണ് സെക്രട്ടറി എം.രാജശ്രീയുടെ നേതൃത്വത്തിൽ നഴ്സറിയിൽ പ്രവർത്തിക്കുന്നത്.
കോവിഡ് കാലത്തു നഴ്സറിയിൽനിന്നും ഒന്നര ലക്ഷം തൈകളാണ് സൗജന്യമായി നൽകിയത്. ഇന്നും വിവിധയിനം പച്ചക്കറിവിത്തുകളും ഇവിടെ സുലഭമാണ്. പ്രസിഡന്റ് എം.റീന, സെക്രട്ടറി എം.രാജശ്രീ, അംഗങ്ങളായ എസ്.ബിന്ദു, എസ്.അനിത, എസ്.ശോഭന തുടങ്ങിയവരാണ് ചേന അടയ്ക്കു പിന്നിലുള്ളത്. എം.രാജശ്രീയുടെ വീടും മറ്റു കെട്ടിടങ്ങളുമാണ് ഇതിനായി പ്രവർത്തിക്കുന്നത്.