ഇതോ ഹൈടെക് റോഡ്...
1588106
Sunday, August 31, 2025 6:21 AM IST
മഴ പെയ്താല്‍ അഞ്ചല്‍ -ആയൂര്‍ റോഡിലൂടെ യാത്ര ദുരിതം
അഞ്ചല്‍ : കോടികള്‍ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച അഞ്ചല്‍- ആയൂര്‍ പാതയിലൂടെ മഴപെയ്താല്‍ യാത്ര ദുരിതം. അഞ്ചല്‍ ചന്തമുക്ക് മുതല്‍ ഒഴുകുന്ന വെള്ളം പാതയിലൂടെ വട്ടമണ്‍ തോട്ടിലേക്ക് എത്തുകയാണ്. ഇതുകാരണം ഇരുചക്ര യാത്രികരും കാല്‍നട യാത്രികരുമാണ് ഏറെ ദുരിതത്തിലാകുന്നത്.
പാതയിലൂടെയോ പാതയോരത്ത് കൂടിയോ നടന്നു പോകാന്‍ കഴിയാത്ത അവസ്ഥ. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ ചെളിയും മാലിന്യവും നിറഞ്ഞ വെള്ളം അടിച്ച് തെറിപ്പിക്കുന്നു. പാതയിലൂടെ ഒഴുകുന്ന വെള്ളം കണ്ടാല്‍ പോലും മിന്നല്‍ വേഗത്തില്‍ പോകുന്ന കെഎസ്ആര്‍ടിസി ബസുകളാണ് യാത്രികരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. പാതയുടെ വശങ്ങളില് ചിലയിടത്ത് ഓടകള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളം ഒഴുകുന്നത് പതിയിലൂടെ മാത്രം.
പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി മണ്ണിട്ട് ഉയര്‍ത്തിയതോടെ പ്രധാന പാതയെ ബന്ധിപ്പിക്കുന്ന ചില ഇടറോഡുകള്‍ താഴ്ന്നു. കുതിച്ച് ഒഴുകുന്ന മഴവെള്ളം ആദ്യം ഈ പാതകളിലേക്ക് എത്തും. പലയിടത്തും അരയ്ക്കൊപ്പം വെള്ളമാണ്. ഇതറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ ശരിക്കും കുടുങ്ങും. സ്കൂട്ടര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ വെള്ളത്തിലാകുന്നതോടെ പണിമുടക്കും.
പാതയുടെ നിര്‍മാണ വേളയില്‍ തന്നെ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരും നാട്ടുകാരും റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാന്‍ ആരും തയാറാകാത്തത്തിന്റെ ദുരിതം ഇപ്പോള്‍ അനുഭവിക്കുന്നത് നാട്ടുകാരും വ്യാപാരികളുമാണ്. മഴവെള്ളം ഒഴുകുന്നതിനാല്‍ പാത മുറിച്ച് കടക്കുന്നതിനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്നതിനോ കഴിയാറില്ലെന്നു വ്യാപാരികള്‍ പറയുന്നു.
അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് നാട്ടുകാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്നു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഉമേഷ് ബാബു ആവശ്യപ്പെട്ടു. അതേസമയം നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി വിജിലന്‍സിനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്