വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം 20
1587907
Saturday, August 30, 2025 6:43 AM IST
കൊല്ലം : ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ- മംഗളുരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസിൽ (20631/20632) കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്താൻ റെയിൽ മന്ത്രാലയം തീരുമാനിച്ചു.നിലവിൽ ഈ ട്രെയിനിന് 16 കൊച്ചുകളാണുള്ളത്. എല്ലാ ദിവസവും ഫുൾ റിസർവേഷനിലാണ് വണ്ടി സർവീസ് നടത്തുന്നത്. ഇരു ദിശകളിലുമായി പ്രതിദിനം 200 ൽ അധികം പേർ വെയിറ്റിംഗ് ലിസ്റ്റിലുമാണ്.
ഈ സാഹചര്യത്തിലാണ് കോച്ചുകളുടെ എണ്ണം 20 ആക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.കേരളത്തിൽ നിലവിൽ കോട്ടയം വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിനും (20633/20634) 20 കോച്ചുകൾ ഉണ്ട്.
16 കോച്ചുകളുമായി സർവീസ് ആരംഭിച്ച ഈ ട്രെയിനിൽ കോച്ചുകളുടെ എണ്ണം 20 ആയി ഉയർത്തിയത് ഈ വർഷം ജനുവരി 10 മുതലാണ്.എന്നാൽ ഇതിനെ അപേക്ഷിച്ച് ഒക്കുപ്പൻസി റേറ്റും യാത്രക്കാരുടെ ആവശ്യകതയുടെ എണ്ണവും കൂടുതൽ ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേ ഭാരതിനാണ്. ഇത് പരിഗണിച്ചാണ് വണ്ടിയിൽ 20 കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് അടിയന്തിര തീരുമാനം എടുത്തിട്ടുള്ളത്.