കൊല്ലം -താംബരം എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം
1587393
Thursday, August 28, 2025 6:49 AM IST
കൊല്ലം: കൊല്ലത്തുനിന്നു പുനലൂർ, മധുര വഴി താംബരത്തിനു പോകുന്ന എക്സ്പ്രസിന്റെ സമയത്തിൽ സെപ്റ്റംബർ ഒന്നു മുതൽ മാറ്റം വരുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
പുതുക്കിയ സമയക്രമം അനുസരിച്ച് ട്രെയിൻ കൊല്ലത്തുനിന്നു വൈകുന്നേരം നാലിനു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30 ന് താംബരത്ത് എത്തും. നിലവിൽ ഈ ട്രെയിൻ കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് 12 നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 2.28 നാണ് താംബരത്ത് എത്തിയിരുന്നത്.
യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സമയത്തിൽ മാറ്റം വരുത്തിയതെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.കൊല്ലം -താംബരം എക്സ്പ്രസ് ഉച്ചയ്ക്ക് 12 നു കൊല്ലത്തുനിന്ന് പുറപ്പെട്ടാൽ പത്തു മിനിറ്റ് കഴിയുമ്പോൾ മറ്റൊരു ട്രെയിനും ഈ റൂട്ടിൽ ഉണ്ട്. 16328 ഗുരുവായൂർ - മധുര എക്സ്പ്രസാണിത്. ഈ വണ്ടി കൊല്ലത്ത് ഉച്ചയ്ക്ക് 12 ന് എത്തി 12.10 നാണ് പുറപ്പെടുന്നത്.
അടുത്തടുത്ത സമയങ്ങളിൽ ഈ റൂട്ടിൽ രണ്ടു വണ്ടികൾ സർവീസ് നടത്തുന്നതു യാത്രക്കാർക്ക് കാര്യമായ പ്രയോജനം ചെയ്യില്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള വിവിധ സംഘടനകൾ റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം -താംബരം എക്സ്പ്രസിന്റെ സമയം അധികൃതർ മാറ്റാൻ തീരുമാനിച്ചത്.
ട്രെയിനിന്റെ സമയത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തും നൽകിയിരുന്നു. അതേ സമയം സമയമാറ്റം കൂടാതെ ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്നും സൂചനയുണ്ട്