ജിം സന്തോഷ് വധക്കേസിലെ ആറ് പ്രതികളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
1587906
Saturday, August 30, 2025 6:43 AM IST
കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ആറ് പ്രതികളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കരുനാഗപ്പള്ളി മഠത്തിൽ കാരായ്മ കൃഷ്ണ വിലാസത്തിൽ അലുവാ എന്ന അതുൽ(29), തഴവ, കളരിക്കൽ വീട്ടിൽ കൊച്ചുമോൻ എന്ന രാജീവ്(35), ഓച്ചിറ, മേമന ലക്ഷ്മി ഭവനത്തിൽ കുക്കു എന്ന മനു(30), ഓച്ചിറ, അങ്ങാടി കിഴക്കേതിൽ വീട്ടിൽ മൈന ഹരി എന്ന ഹരികൃഷ്ണൻ(28), ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ വീട്ടിൽ പ്യാരി(25), ഓച്ചിറ, ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ പങ്കജ്(35) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
കരുനാഗപ്പള്ളി, ഓച്ചിറ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം തുടർന്ന പശ്ചാത്തലത്തിലാണ് കാപ്പാ നിയമപ്രകാരമുള്ള നടപടി.
പ്രമാദമായ കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലും ഇവർ പ്രതികളാണ്. ഇവരിൽ പ്യാരി, അതുൽ എന്നിവരെ മുമ്പ് രണ്ടു തവണയും പങ്കജ്, മനു എന്നിവരെ ഓരോ തവണയും കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്.സിറ്റിപോലീസ് കമ്മീഷണർ കിരൺ നാരായണിന്റെ നിർദേശാനുസരണം കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.