ചാത്തന്നൂർ മാർക്കറ്റ്റോഡിലെ വൺവേ സംവിധാനത്തിൽ താത്ക്കാലിക മാറ്റം
1587897
Saturday, August 30, 2025 6:21 AM IST
ചാത്തന്നൂർ: ദേശീയപാതയിൽ നിന്നും ചാത്തന്നൂർ മാർക്കറ്റിന് മുന്നിലൂടെയുള്ള റോഡിലെ വൺവേ സമ്പ്രദായത്തിൽ താത്ക്കാലികളായ മാറ്റം. ഓട്ടോകൾക്കും ഇരുചക്ര വാഹനങ്ങൾക്കും റോഡിന്റെ ഇരുവശത്തേയ്ക്കും സഞ്ചരിക്കാം.
സെപ്റ്റംബർ ഏഴു വരെയാണ് വൺവേ സംവിധാനം മാറ്റിയിട്ടുള്ളത്.മാർക്കറ്റ് റോഡിലൂടെ വൺവേ സംവിധാനം നടപ്പാക്കിയതുമൂലം ചാത്തന്നൂർ ടൗണിലെ ഓട്ടോറിക്ഷകൾക്ക് സവാരി കിട്ടുന്നില്ലെന്ന് ഓട്ടോ തൊഴിലാളികൾ ഈ സംവിധാനം നടപ്പാക്കിയതു മുതൽ പരാതിയിലായിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികൾ പണിമുടക്കി ഓട്ടോറിക്ഷകൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിരത്തിയിട്ട് ഉപരോധസമരം നടത്തിയിരുന്നു.
വ്യാപാരികളും വൺവേ സംവിധാനത്തിനെതിരായിരുന്നു. പ്രധാനപ്പെട്ട വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റും സപ്ലൈകോയുടെ മാവേലി സ്റ്റോറും ഈ റോഡിന്റെ വശത്താണ്. വൺവേ ഏർപ്പെടുത്തിയതോടെ കച്ചവടം കാര്യമായി കുറഞ്ഞു.
നാട്ടുകാർ ഓട്ടോറിക്ഷയിലെത്തി സാധനങ്ങൾ വാങ്ങാൻ സൗകര്യമുള്ള കടകളിലേക്ക് മാറി. ഓണക്കച്ചവടത്തെ ഇത് കാര്യമായി ബാധിക്കുമെന്ന അവസ്ഥയുമായി. അവരും വൺവേ സംവിധാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർമാനായ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്കിയിരുന്നു.
പോലീസും പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് വൺവേ സംവിധാനം താത്ക്കാലികമായി മാറ്റാൻ തീരുമാനമായത്. ഓട്ടോ തൊഴിലാളി യൂണിയൻ(സിഐടിയു ) കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി.ദിജു, വസന്തകുമാർ,ജി.ബിജു,രാമചന്ദ്രൻഎന്നിവർ യോഗത്തിൽ പങ്കെടുത്തു.