അടഞ്ഞു കിടക്കുന്ന അറവുശാല പ്രതിവർഷം കോർപറേഷന് ഉണ്ടാക്കുന്ന നഷ്ടം ലക്ഷങ്ങൾ
1587898
Saturday, August 30, 2025 6:21 AM IST
അറവുശാലയുടെ പേരിൽ പൊടിച്ചത് ലക്ഷങ്ങൾ
അജി വള്ളിക്കീഴ്
കൊല്ലം : ഒരു കോടിക്കടുത്ത് ചെലവഴിച്ചിട്ടും പ്രതിവർഷം 60 ലക്ഷത്തോളം നഷ്ടമുണ്ടായിട്ടും കൊല്ലത്തിന് ആധുനിക അറവുശാല എന്ന ആവശ്യം യാഥാർഥ്യമാക്കാനായിട്ടില്ല. നഗരസഭക്കായി അറവുശാല നിർമിക്കാനുള്ള പദ്ധതിയുടെ പേരിൽ കോടികൾ നഷ്ടമാക്കിയ കഥയാണ് കഴിഞ്ഞ നാലര വർഷക്കാലമായി പ്രവർത്തിക്കാതിരിക്കുന്ന അറവ് ശാലയ്ക്കു പറയാനുള്ളത്.
നവീകരണത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞു ഒരു കോടിയിലേറെ പലപ്പോഴായി ചെലവഴിച്ച അറവുശാല നാലര വർഷമായി അടഞ്ഞു തന്നെ കിടക്കുകയാണ്.
നേരത്തെ പ്രതിവർഷം 60 ലക്ഷത്തോളം രൂപയാണ് ലേല വരവ് ഇനത്തിൽ കോർപറേഷനു കിട്ടികൊണ്ടിരുന്നത്. അടഞ്ഞുകിടന്നതുമൂലം ഒന്നര കോടിയോളം രൂപ ഇനത്തിൽ കോർപറേഷനു ഇതുവരെ നഷ്ടമായി.
2010 ൽ അംഗീകാരം
2010 ലാണ് നഗരകാര്യ ഡയറക്ടർ കൊല്ലം നഗരസഭക്ക് അറവുശാല നിർമിക്കാൻ അംഗീകാരം നൽകുന്നത്. പതിനഞ്ചു വർഷം കഴിഞ്ഞിട്ടും അതൊരു നിറവേറാത്ത സ്വപ്നമാണ്. മൊത്തം ചെലവായ 77.30 ലക്ഷം രൂപയുടെ 50 ശതമാനം തുകയായ 38.65 ലക്ഷം രൂപ നഗരസഭക്ക് 2011 ജനുവരി അഞ്ചിന് ഇതിനായി കൈമാറി.
തുക 2018-19 വരെ ഉപയോഗിക്കാതെ നഗരസഭയുടെ അക്കൗണ്ടിൽ തന്നെ കിടക്കുകയായിരുന്നു. തുടർന്ന് 2019-20, 2020-21 വർഷങ്ങളിൽ അറവുശാലയുടെ നവീകരണം എന്ന പേരിൽ രണ്ടു പദ്ധതികളാണ് നഗരസഭ തയാറാക്കുന്നത്. മരാമത്തു പണികളുടെ ഭാഗമായി 26,30,946 രൂപ ചെലവഴിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങൾ
മാലിന്യം സംസ്കരിക്കുന്നതിനു സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനരഹിതമാവുകയും രക്തവും അവശിഷ്ടങ്ങളും അഷ്ടമുടി കായലിലേക്ക് ഒഴുകി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതോടെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഇടപെട്ട് അറവുശാലയുടെ പ്രവർത്തനം നിർത്തി വെക്കുന്നത്. തുടർന്ന് പുതിയ സംസ്കരണ പ്ലാന്റിനെ കുറിച്ച് ആലോചനയായി. പ്ലാന്റ് നിർമാണം തുടങ്ങിയതോടെ അറവുശാല അടച്ചു പൂട്ടി. അത്യാധുനിക സംവിധാനം എന്നു പറഞ്ഞാണ് പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്.
26ലക്ഷം രൂപ അന്ന് മാത്രം പ്ലാന്റിനു ചെലവായി. ജനറേറ്റർ, കെട്ടിടങ്ങളുടെ നവീകരണം എന്നിവയുടെ പേരിൽ 50 ലക്ഷം രൂപ കൂടി ചെലവ് വന്നു. അത്യാർഭാടപൂർവം കൊല്ലം മുഴുവൻ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പ്ലാന്റ് ഒരാഴ്ച പോലും പ്രവർത്തിച്ചില്ല. 30,000 ലീറ്റർ ആയിരുന്നു പ്ലാന്റിലെ ജല സംഭരണിയുടെ ശേഷി.
ദിവസവും 84 വലിയ മൃഗങ്ങളേയും 120 ആട് ഉൾപ്പടെയുള്ള ചെറിയ മൃഗങ്ങളെയും കശാപ്പു ചെയ്യാനുള്ള സൗകര്യമാണ് പുതിയ അറവ് ശാലയിൽ ഒരുക്കിയത്. ഉദ്ഘാടനത്തിനു പിറകെ കശാപ്പു തുടങ്ങിയെങ്കിലും പ്ലാന്റിന്റെ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു.
84 വലിയ മൃഗങ്ങളെ കശാപ്പു ചെയ്യാൻ കഴിയുമെന്നു അവകാശപ്പെട്ടിരുന്ന അറവ് ശാലയിൽ അതിന്റെ പകുതി മൃഗങ്ങളെ ഒരു ദിവസം കശാപ്പു ചെയ്യുന്നത്. ഏഴു ദിവസം തുടർന്നപ്പോൾ തന്നെ പ്ലാന്റ് അടച്ചു പൂട്ടുകയായിരുന്നു.