തുയ്യം വേളാങ്കണ്ണി മാതാപള്ളിയിൽ പിറവിത്തിരുനാൾ നാളെമുതൽ
1587891
Saturday, August 30, 2025 6:21 AM IST
കൊല്ലം: തുയ്യം വേളാങ്കണ്ണി മാതാ തീർഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുന്നാൾ നാളെ ആരംഭിച്ച് സെപ്റ്റംബർ എട്ടിനു സമാപിക്കും. നാളെ വൈകുന്നേരം നാലിനു തുയ്യം ഇടവക വികാരി ഫാ. ബോസ് ആന്റണി തിരുനാൾ പതാക ആശീർവദിക്കും.
തുടർന്ന് പതാക തുയ്യം പള്ളിയിൽ നിന്നു പ്രദക്ഷിണമായി വേളാങ്കണ്ണി മാതാ തീർഥാലയത്തിലേക്കു കൊണ്ടുവരും. തീർഥാലയ റെക്ടർ റവ. ഡോ. ലിൻസൺ കെ. ആറാടൻ കൊടിയേറ്റും, തുടർന്നു കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി നടക്കും.
തിരുനാൾ ദിനങ്ങളിൽ ദിവസവും രാവിലെഎട്ടിനും 11 നും വൈകുന്നേരം നാലിനും ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി തുടങ്ങിയ തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും.
സെപ്റ്റംബർ ഒന്നിനു വൈകുന്നേരം 4.30ന് തമിഴ് ദിവ്യബലി ഉണ്ടായിരിക്കും. സെപ്റ്റംബർ ഒന്നു മുതൽ നാലുവരെ വൈകുന്നേരം 5.30 മുതൽ രാത്രി ഒന്പതുവരെ ഫാ. ജെയിംസ് നരിപ്പാറ എസ്ഡിബി നയിക്കുന്ന ജീവിത നവീകരണ ധ്യാനം നടക്കും. സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 12നു കുഞ്ഞുങ്ങൾക്ക് ചോറൂട്ട് നടത്തും.
സെപ്റ്റംബർ ഏഴിനു വൈകുന്നേരം അഞ്ചിനു നടക്കുന്ന ആഘോഷമായ വേസ്പരക്ക് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ. ജെ വചനപ്രഘോഷണം നടത്തും. തുടർന്നു കൊല്ലം നഗരം ചുറ്റി പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം ഉണ്ടായിരിക്കും.
സെപ്റ്റംബർ എട്ടിന് രാവിലെ 8.30ന് ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലിയും തുടർന്നു തുയ്യം പള്ളി അങ്കണത്തിൽ സ്നേഹവിരുന്നും നടത്തപ്പെടും. വൈകുന്നേരം തീർഥാലയ റെക്ടർ റവ.ഡോ. ലിൻസൺ കെ ആറാടന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞത ബലിയും കൊടിയിറക്കും നടക്കും.