നിയമന അംഗീകാരം : അധ്യാപകരുടെ മാർച്ചിൽ പ്രതിഷേധമിരന്പി
1587889
Saturday, August 30, 2025 6:21 AM IST
ഇതിനെല്ലാം ജനങ്ങളുടെ വിധി വരും: ബിഷപ് പോൾ ആന്റണി മുല്ലശേരി
കൊല്ലം: സർക്കാരിന്റെ പിടിവാശിയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ധാർഷ്ഠ്യവുംമൂലം നിയമനാംഗീകാരം ലഭിക്കാത്ത കൊല്ലം രൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള അധ്യാപകരും അനധ്യാപകരും നയിച്ച കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരന്പി.
കനത്തമഴയിലും തളരാത്ത വീര്യവുമായി കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരമുഖത്ത് അവർ മുദ്രാവാക്യംവിളികളുമായി ഉറച്ചുനിന്നു. രൂപതയുടെ കീഴിലുള്ള സ്കൂളുകളിൽ പഠിപ്പിക്കുന്ന നൂറ്റിയന്പതോളം അധ്യാപകരും അതിനൊപ്പം നിൽക്കുന്ന അനധ്യാപകരും ശന്പളവും അംഗീകാരവുമില്ലാതെ തളർന്നുനിൽക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ടാണ് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള മുഴുവൻ സ്കൂളുകളിൽനിന്നും അധ്യാപകസമൂഹവും അനധ്യാപകസമൂഹവും ഒന്നിച്ചു സമരമുഖത്തേക്ക് എത്തിയത്.
കെഎസ്ആർടിസി ലിങ്ക് റോഡിൽനിന്നും രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ് നയിച്ച നൂറുക്കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധമാർച്ച് കളക്ടറേറ്റിന്റെ പ്രധാനകവാടത്തിൽ എത്തിയപ്പോൾ രൂപത ബിഷപ് ഡോ. പോൾആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷാവകാശം കവരുന്നു
ന്യൂനപക്ഷ അവകാശങ്ങൾ കവറെന്നെടുത്തുകൊണ്ടു ബോധപൂർവം ക്രൈസ്തവസഭയേയും സ്ഥാപനങ്ങളും തകർക്കാനും അടിച്ചമർത്താനുമാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും ശ്രമിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡോ. പോൾ ആന്റണി മുല്ലശേരി കുറ്റപ്പെടുത്തി.
കോടതിവിധി വരുന്നതിനു എത്രയോ വർഷങ്ങൾക്കുമുന്പു സഭ സ്കൂളുകളിൽ ഭിന്നശേഷിക്കാരായ മക്കൾക്കു പ്രവേശനം നൽകിയതാണ്. ഓഫീസുകളിലിരുന്നു ധാർഷ്ട്യം കാണിക്കുന്ന ഉദ്യോഗസ്ഥർ ഞങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ശന്പളം പറ്റുന്നതെന്ന് ഓർക്കണം.
സർക്കാരും വിദ്യാഭാസ വകുപ്പിലെ ഉദ്യോഗസ്ഥരും കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും ഉടൻ അധ്യാപ നിയമനങ്ങൾ അംഗീകരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. പട്ടിണിക്കിട്ടും ആത്മഹത്യയിലേക്കു തള്ളിവിട്ടും അധ്യാപകരെയും അനധ്യാപകരെയും ദ്രോഹിക്കുന്ന സർക്കാരിനു കാലം എഴുതി വച്ചിരിക്കുന്ന ജനങ്ങളുടെ വിധിയിൽനിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ് അധ്യക്ഷത വഹിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന തസ്തികകളിലേക്ക് നിയമന ശുപാർശ നൽകിയിട്ടും സാങ്കേതികത്വങ്ങൾ പറഞ്ഞു വൈകിപ്പിക്കുകയാണ് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ചുഭരിക്കാനും മാനേജ്മെന്റിനെതിരേ തിരിച്ചുവിടാനും ശ്രമിക്കുന്ന ഉദ്യോഗസ്ഥർ വെട്ടുകിളികളെ പോലെ നാശമാണ് വിതയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി എസ് എസ് എ പ്രസിഡന്റ് ആർ. ബർണാഡ് സുമേഷ് ദാസ്, കിരൺ ക്രിസ്റ്റഫർ, ഷൈൻ കൊടുവിള, സിസ്റ്റർ റെയ, റെയ്നി റൈമണ്ട്, ജോസ് കാർലോസ്, ഡേവിഡ് ജോൺ, സൂസി മെവിൻ, ആഷ്ലി, അനു സേവ്യർ, മിൽട്ടൺ, എലിസബത്ത് ലിസി, രഞ്ജിത്ത്, ലയ തുടങ്ങിയവർ പ്രസംഗിച്ചു.