പോലീസുകാരെ കടിച്ചു പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ
1587400
Thursday, August 28, 2025 6:54 AM IST
കൊല്ലം: സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കടിച്ചു പരിക്കേൽപ്പിച്ച പ്രതിയെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈസ്റ്റ് കല്ലട ചീക്കൽ കടവ് സരസ്വതി വിലാസത്തിൽ നന്ദകുമാറിനെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.
മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള നന്ദകുമാർ കഴിഞ്ഞ രണ്ടു ദിവസമായി മാതാപിതാക്കളെ നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നു. ഇവരുടെ പരാതി അന്വേഷിക്കാൻ വീട്ടിൽ എത്തിയ ഈസ്റ്റ് കല്ലട പോലീസിനെ വെട്ടിച്ച് ഇയാൾ ആറ്റിലൂടെ നീന്തി രക്ഷപ്പെട്ടിരുന്നു. പിന്നീട് ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാതാവിന്റെ അനുജത്തിയേയും ഇയാൾ ഉപദ്രവിച്ചു.
ഇവരുടെ പരാതി അന്വേഷിക്കാൻ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ എത്തിയ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ എസ്ഐ ശ്രീകുമാർ, സിപിഒ മാരായ അഖിൽ, അഭിലാഷ്, വിപിൻ, അലക്സാണ്ടർ എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കു പറ്റിയ ഉദ്യോഗസ്ഥർ ശാസ്താംകോട്ട ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഇയാൾക്കെതിരെ ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.