മുൻ പരിചയം ഇല്ലാത്തവർക്ക് കരാർ നൽകി : ആർക്കും എവിടെയും കശാപ്പു നടത്താം
1588107
Sunday, August 31, 2025 6:21 AM IST
അജി വള്ളിക്കീഴ്
കൊല്ലം: മുൻ പരിചയം ഇല്ലാത്തവർക്ക് കരാർ നൽകിയതാണ് കൊല്ലത്ത് ആധുനിക അറവുശാല പ്ലാന്റിന്റെ പ്രവർത്തനം നിലക്കാൻ കാരണമായത്. എന്നാൽ കരാർ എടുത്ത സ്ഥാപനത്തിനെതിരെ ഒരു നടപടിയും എടുത്തില്ല. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കോർപറേഷനിൽ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ആധുനിക അറവുശാലയെ പറ്റി ആക്ഷേപം ഉന്നയിക്കുന്നവരോടൊക്കെ കരാർ എടുത്ത സ്ഥാപനത്തെക്കൊണ്ടു അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമം നടക്കുന്നെന്ന മുടന്തൻ ന്യായമാണ് കോർപറേഷൻ ഇപ്പോഴും എപ്പോഴും മറുപടി നൽകാറുള്ളത്.
അറവുശാലയിൽ ഉണ്ടാകുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനുവേണ്ടിയാണ് എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിനായി ടെണ്ടർ ക്ഷണിച്ച് കരാർ നൽകിയത്. 2019 മാർച്ചിൽ ഇടിപി - പ്ലാന്റ് സ്ഥാപിച്ചതിനുള്ള 25,21,000 രൂപയുടെ ബിൽ കരാർ പ്രകാരം നൽകിയിട്ടുണ്ട്. ഈ തുക നൽകിയതായി ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിക്കായി ഹെൽത്ത് സൂപ്പർവൈസർ, മൃഗ ഡോക്ടർ എന്നിവരെ നിയമിച്ച് വർഷങ്ങളായി ഒരു ഗുണവും ഇല്ലാതെ ശമ്പളം കൊടുത്ത് വരികയാണ്. അറവുശാല പ്രവർത്തിക്കുമ്പോൾ ആവശ്യമായിവരുന്ന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും 1,59,569 രൂപക്കാണ് കോർപറേഷൻ വാങ്ങിയിരിക്കുന്നത്.
നഗരകാര്യ ഡയറക്ടറുടെ ഓഫിസിൽനിന്നും 2011 ജനുവരി മാസം നിർമാണത്തിനായി അനുവദിച്ച് കിട്ടിയ 38.65 ലക്ഷം രൂപ ധനസഹായം പൂർണമായി ഉപയോഗിച്ചത് സംബന്ധിച്ച് വിനിയോഗ സാക്ഷ്യപത്രം നൽകാൻ പോലും കോപറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. അറവുശാല പദ്ധതിയുടെ കാര്യത്തിൽ കോർപറേഷന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ് ഇത് ചൂണ്ടികാട്ടുന്നത്.
കരാർ സ്ഥാപനം സ്ഥാപിച്ച ഇ ടി പി യുടെ പോരായ്മയാണ് അറവുശാലയുടെ പ്രവർത്തനം നിലക്കാൻ കാരണമാക്കിയത്. ഇത് നേരത്തെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നതാണ്. കരാർ കമ്പനി ശുചിത്വമിഷന് സമർപ്പിച്ച ഡി പി ആറിൽ പ്ലാന്റിനായി ഉപയോഗിച്ചിരുന്ന ശുചീകരണ സാങ്കേതിക വിദ്യ ഇലക്ട്രോകൊയാഗുലേഷൻ എന്ന പ്രോസസ് ആണെന്നാണ് പറഞ്ഞിരുന്നത്.
അറവുശാലയിൽ നിന്നും ശേഖരിക്കുന്ന രക്തം ഉൾപ്പടെയുള്ള മലിനജലം ശുചിത്വമിഷന്റെ സാങ്കേതിക വിദഗ്ധർ പരിശോധിക്കുമ്പോൾ ഇലക്ട്രോകൊയാഗുലേഷൻ എന്ന പ്രോസസ് അല്ല നടക്കുന്നതെന്നു കണ്ടെത്തുകയായിരുന്നു. ശുചിത്വമിഷന്റെ സാങ്കേതിക വിദഗ്ധർ പ്ലാന്റിൽ വരുത്തേണ്ട മാറ്റങ്ങൾ ഇതോടെയാണ് കോപറേഷനോട് നിർദേശിക്കുന്നത്. ഇതൊക്കെ ഒരു വശത്ത് നടന്നിരുന്നെങ്കിലും, ഇതൊന്നും കണക്കിലെടുക്കാതെ കെട്ടിട നിർമാണം നടത്തി 25.21 ലക്ഷം കരാർ കമ്പനിക്ക് നഗരസഭ നൽകുകയാണ് ഉണ്ടായത്.
ഗുരുതര വീഴ്ചയാണ് കോർപറേഷന്റെ ഭാഗത്ത് ഇക്കാര്യത്തിലും ഉണ്ടായത്. നിലവിൽ കരാർ കമ്പനിയുമായി പലവിധ ചർച്ചകൾ നടത്തിയെങ്കിലും അറവുശാലയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടിയിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഓഡിറ്റിന് ശേഷം ഹാജരാക്കിയ രേഖകളിൽ കരാർ കമ്പനിയിൽ നിന്നും പിഴ ഈടാക്കാൻ നിർദേശിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് നടപടി ഉണ്ടായില്ല.
കോർപറേഷനിലെ ആരോഗ്യവിഭാഗത്തിലെ വെറ്ററിനറി ഡോക്ടർ ആന്റിമോർട്ടം പരിശോധന നടത്തി രോഗബാധ ഇല്ലാത്തതെന്ന് ഉറപ്പു വരുത്തുന്ന മൃഗങ്ങളെയാണ് യഥാർഥത്തിൽ കശാപ്പു ചെയ്യേണ്ടത്. അറവുശാല പ്രവർത്തിക്കാത്തതിനാൽ കൊല്ലം നഗര സഭയിൽ ആ പരിശോധന പോലും നടക്കുന്നില്ല. ആർക്കും എവിടെയും കശാപ്പു നടത്താവുന്ന സ്ഥിതിവിശേഷമാണ് ഇന്ന് കൊല്ലം കോർപറേഷനിൽ നിലവിലുള്ളത്.
രോഗം പിടിപ്പെട്ടതുൾപ്പെടെ തമിഴ്നാട്ടിൽ നിന്നും വലിയതോതിൽ മൃഗങ്ങളെ കശാപ്പിനായി കൊല്ലത്തേക്ക് കൊണ്ട് വരുന്നുണ്ട്. അശാസ്ത്രീയമായ കശാപ്പ് രീതി കൊല്ലത്ത് അരങ്ങു തകർക്കുമ്പോൾ സ്വന്തമായി ഒരു അറവുശാലയില്ലാത്ത നഗരത്തിൽ കഷ്ണങ്ങളാക്കിയ മൃഗങ്ങളുടെ ശരീര ഭാഗങ്ങളിൽ കാർബൺ സീൽ അടിച്ച് നിയമ സാധുത നൽകുകയാണ് കോർപറേഷൻ ചെയ്തു വരുന്നത്.