ശക്തികുളങ്ങരയിലെ പുലിമുട്ടിന് പൊക്കകുറവ്: ഹാർബറിനും തീരത്തിനും ഭീഷണി
1588102
Sunday, August 31, 2025 6:21 AM IST
ശക്തികുളങ്ങര : ശക്തികുളങ്ങര ഹാർബറിന് സമീപം ഉള്ള പുലിമുട്ടിന് വീതിയും പൊക്കവും ഇല്ലാത്തത് ഹാർബറിനും തീരത്തിനും ഭീഷണിയാവുകയാണ്. ഹാർബറിന് പടിഞ്ഞാറ് ഭാഗത്ത് കൂടി പോകുന്ന പുലിമുട്ടിന് നിലവിൽ വീതി വളരെ കുറവാണ്. പലപ്പോഴും ശക്തമായ തിരമാല അടിക്കുമ്പോൾ കടൽവെള്ളം പുലിമുട്ടിനെ മറികടന്ന് മറുവശത്ത് പതിക്കുന്നത് ആർക്കും നേരിൽ കാണാം.
വലിയ പാറകൾ ഇട്ട് പുലിമുട്ട് വീതി കൂട്ടുകയും പൊക്കം കൂട്ടുകയും ചെയ്യണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പുലിമുട്ട് ഭാഗത്ത് യാനങ്ങൾ അപകടത്തിൽ പെട്ടാൽ രക്ഷാപ്രവർത്തനത്തിനായി വാഹനങ്ങൾക്ക് എത്തിച്ചേരുന്ന തരത്തിൽ പാത നിർമിക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ കരയിൽ നിന്നുകൊണ്ട് രക്ഷാപ്രവർത്തനം നടത്തണമെങ്കിൽ പുലിമുട്ട് വീതി കൂട്ടി നിർമിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഹാർബറിന് പടിഞ്ഞാറുവശമുള്ള തീര ഭാഗം സംരക്ഷിക്കുവാനും വേണ്ട നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നാവശ്യവും ശക്തികുളങ്ങരയിലെ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്.