വൃക്ക ദാനം ചെയ്ത് അവശതയിലായ വ്യക്തിക്ക് സെസിൽ ഇളവ് നൽകുന്നത് പരിഗണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1587905
Saturday, August 30, 2025 6:43 AM IST
കൊല്ലം : സഹോദരന് വൃക്ക ദാനം ചെയ്തതിനെ തുടർന്ന് അവശതയിലും സാമ്പത്തിക പ്രതിസന്ധിയിലുമായ വ്യക്തി, മറ്റൊരാൾക്ക് വിറ്റ വീടിന്, കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് ചുമത്തിയ സെസ് മാനുഷിക പരിഗണന നൽകി ഒഴിവാക്കാൻ കഴിയുമോ എന്ന് സർക്കാർ തലത്തിൽ പരിശോധിച്ച് അനുഭാവപൂർവമായ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗംവി. ഗീത തൊഴിൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
കായംകുളം ചേപ്പാട് സ്വദേശി രാജൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജൻ നാലു വർഷം മുമ്പ് വിറ്റ വീടിനാണ് സെസ് ചുമത്തിയിരിക്കുന്നത്.ജില്ലാ ലേബർ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2019 ഏപ്രിൽ മുതൽ പരാതിക്കാരന് നോട്ടീസയക്കാൻ തുടങ്ങിയതാണെന്നും തുക അടയ്ക്കാത്തതു കാരണം റവന്യു റിക്കവറി നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സെസ് അടയ്ക്കാനുള്ള നിയമാനുസൃത ബാധ്യത കെട്ടിട നിർമാണ സമയത്തെ ഉടമയ്ക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെഇപ്പോഴത്തെ ഉടമയിൽ നിന്നും സെസ് ഈടാക്കാൻ കഴിയില്ല. പിഴപലിശ ഒഴിവാക്കാൻ സർക്കാർ തയാറാണ്.
പക്ഷേ സെസ് ഒഴിവാക്കുന്നതിന് നിയമമില്ല.പരാതിക്കാരന് മറ്റ് വരുമാനമാർഗങ്ങൾ ഒന്നും തന്നെയില്ല. ഇക്കാര്യത്തിൽ മാനുഷിക പരിഗണന നൽകാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.