യുവാവ് കുത്തിപരിക്കേൽപ്പിച്ച പശു ചത്തു
1587399
Thursday, August 28, 2025 6:54 AM IST
അഞ്ചല്‍ : യുവാവ് മാരകായുധം ഉപയോഗിച്ചു അതിക്രൂരമായി കുത്തി പരിക്കേൽപ്പിച്ച പശു ചത്തു. അജി ഭവനിൽ കേൾവശക്തിയും സംസാരശേഷിയും ഇല്ലാത്ത അജിയുടെയും ഭിന്നശേഷിക്കാരിയായ ഭാര്യ ലളിതയുടെയും ഉപജീവന മാര്‍ഗമായ കന്നുകാലിക്കെതിരേയാണ് മുമ്പ് പ്രദേശത്തെ താമസക്കാരനും നിരവധി കേസുകളില്‍ പ്രതിയുമായി സാജിത്ത് എന്നയാള്‍ ആക്രമണം അഴിച്ചുവിട്ടത്.
മാരകമായ ആക്രമണത്തില്‍ പശുവിനെ കുടൽഅടക്കം ആന്തരിക അവയവങ്ങള്‍ പുറത്തു വന്ന നിലയിലായിരുന്നു. മൃഗാശുപത്രിയില്‍ നിന്നും എത്തിയ ഡോക്ടര്‍മാര്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും പിന്നീട് ചത്തു.
അഞ്ചല്‍ മധുരപ്പയിലാണ് പശുവിനോടു യുവാവിന്റെ ക്രൂരത. ലഹരിക്ക് അടിമയായ ഇയാള്‍ നാട്ടില്‍ നിരന്തരം പ്രശ്നം ഉണ്ടാക്കാറുണ്ട്. മുമ്പ് കരുകോണില്‍ കഞ്ചാവു വാങ്ങാന്‍ എത്തുകയും വിലയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു വില്പന നടത്തിയ വീട്ടമ്മയുടെ തലയടിച്ചു പൊട്ടിക്കുകയും വീട് തകര്‍ക്കുകയും ചെയ്തതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് സാജിത്ത്.
ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് അജിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മോഷ്ടിച്ചിരുന്നു. വീടിനുനേരെ ആക്രമണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇവര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. ഇതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ പലപ്പോഴും വീടിനു നേരെ ആക്രമണം നടത്താറുണ്ട്. ഇക്കഴിഞ്ഞ ദിവസവും ഇവിടെയെത്തിയ സാജിത്ത് അജിയുടെയും ഭാര്യ ലളിതയുടെയും നേരെ ആക്രമണം അഴിച്ചുവിട്ടു.
ഭയന്ന് കുട്ടിയുമായി വീടിനുള്ളിലേക്ക് പാഞ്ഞ ഇവര്‍ കതക് അടച്ചു രക്ഷപ്പെടുകയായിരുന്നു.
കതക് ഉള്‍പ്പെടെ തകര്‍ക്കാന്‍ ശ്രമിച്ച യുവാവ് ഇതിന് കഴിയാതെ വന്നതോടെ പശുവിനെ ആക്രമിക്കുകയായിരുന്നു.