ഓണാഘോഷം: കൊല്ലത്ത് പ്രത്യേക പോലീസ് സംവിധാനം
1588108
Sunday, August 31, 2025 6:21 AM IST
കൊല്ലം: ഓണാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പോലീസ് പ്രത്യേക പോലീസ് സംവിധാനം ഏർപ്പെടുത്തി. ട്രാഫിക് , ക്രമസമാധാനം എന്നീ രണ്ട് വിഭാഗമാക്കി ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക ബന്തവസ് സ്കീം തയാറാക്കി .
ഇത് പ്രകാരം കൂടുതൽ ട്രാഫിക് ബ്ളോക്ക് നിരന്തരം ഉണ്ടാകുന്ന ആൽത്തറമൂട്, കല്ലുംതാഴം, അയത്തിൽ എന്നീ സ്ഥലങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണത്തിനായി സ്ഥിരം പോലീസ് സംവിധാനം ഏർപ്പെടുത്തി. ആൽത്തറമൂട്, കല്ലുംതാഴം എന്നീ സ്ഥലങ്ങളിൽ റോഡിലെ കുഴികൾ അടച്ച് വീതി കൂട്ടി ഗതാഗതം സുഗമമാക്കി.
അയത്തിൽ ജംഗ്ഷനിൽ ഇന്ന് രാത്രി പണികൾ പൂർത്തിയാക്കും. നഗരത്തിൽ ഗതാഗതം തടസം ഉണ്ടാകാൻ സാധ്യതയുള്ള പോളയത്തോട് ജംഗ്ഷനിൽ ബാരിക്കേഡ് ഉപയോഗിച്ചും മറ്റ് സ്ഥലങ്ങളായ പള്ളിമുക്ക്, ചാമക്കട, കുമാർ ജംഗ്ഷൻ, ബീച്ച് റോഡ്, രണ്ടാംകുറ്റി എന്നീ സ്ഥലങ്ങളിൽ അതാത് സ്റ്റേഷൻ പരിധിയിൽ നിന്നുമുള്ള പ്രത്യേക പട്രോളിംഗിന് പുറമേ വയർലെസ് സംവിധാനമുള്ള ബൈക്ക് പട്രോളിംഗും ഏർപ്പെടുത്തി.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസം ഉണ്ടാകുന്ന രീതിയിലുള്ള അനധികൃത പാർക്കിംഗ് വരും ദിവസങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഉപയോഗിച്ച് ഒഴിവാക്കും. റെയിൽവേ സ്റ്റേഷൻ- ചെമ്മാംമുക്ക് റോഡിന്റെ ഒരു ഭാഗം വാഹനങ്ങൾ മാറ്റി നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു.
നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ഗതാഗത തടസമോ, അമിത ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റ് ട്രാഫിക് നിയമ ലംഘനങ്ങൾ നടക്കുകയാണെങ്കിൽ അറിയിക്കുന്നതിന് വേണ്ടി പ്രത്യേക വാട്സ് ആപ്പ് വഴി സന്ദേശം അയക്കാവുന്ന രീതിയിലുള്ള പ്രത്യേക നമ്പരുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് പൊതു ജനങ്ങളിൽ എത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയെന്നും സിറ്റി പോലീസ് അറിയിച്ചു.
ഓണവുമായി ബന്ധപ്പെട്ട് വ്യാപാരി-വ്യവസായി സംഘടനകളുടെയും പ്രൈവറ്റ് ബസ് ഓണേഴ്സ് ഭാരവാഹികളുടെയും മീറ്റിംഗ് സിറ്റി പോലീസ് വിളിച്ചു ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ചില നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ അവിടേക്ക് വരുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ ഏർപ്പെടുത്തേണ്ടതാണന്നാണ് പ്രധാന നിർദേശം.ഗതാഗത തടസം ഉണ്ടാകുന്ന രീതിയിൽ യാതൊരു കാരണവശാലും വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
കൊട്ടിയം- മയ്യനാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ എസ്എംപി റെയിൽവേ ഗറ്റ് വഴിയോ, കൊച്ചുപ്ലാമൂട് വഴിയോ പോകണം.
യാതൊരു കാരണവശാലും ചിന്നക്കട- സെന്റ് ജോസഫ് വഴി സർവീസ് നടത്താൻ അനുവദിക്കുന്നതല്ലെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.