മേൽപാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ല: ഗതാഗതക്കുരുക്ക് രൂക്ഷം
1588101
Sunday, August 31, 2025 6:21 AM IST
കൊട്ടിയം: ദേശീയ പാതയും സംസ്ഥാന ഹൈവേ കടന്നുപോകുന്ന അയത്തിൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുരുക്കഴിക്കുവാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മണിക്കൂറുകളോളം നീളുന്ന കുരുക്കിൽ പെട്ട് വാഹന യാത്രക്കാർ വലയുന്ന സ്ഥിതിയാണുള്ളത്.
ഇന്നലെ രാവിലെ ഉണ്ടായ വാഹനക്കുരുക്ക് ഉച്ചവരെ നീണ്ടു. കൊല്ലം - ആയൂർ സംസ്ഥാന ഹൈവേ ബൈപ്പാസ് മുറിച്ചു കടന്നുപോകുന്ന ഭാഗമാണ് അയത്തിൽ. ദേശീയപാത പുനർനിർമാണ ഭാഗമായി അയത്തിൽ ജംഗ്ഷനിൽ ഉയരപ്പാതയ്ക്ക് വേണ്ടി മേൽപ്പാലം നിർമിച്ചെങ്കിലും പാലത്തിനടിയിലൂടെ സംസ്ഥാന ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കടത്തിവിടുവാൻ വേണ്ടി പാലം തുറന്നുകൊടുക്കാൻ അധികൃതർ തയാറാകാത്തതിനാലാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുവാൻ കാരണമാകുന്നത്.
സംസ്ഥാന ഹൈവേയ്ക്ക് വേണ്ടി മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായ കല്ലുംതാഴം,പാലത്തറ,മേവറം , കൊട്ടിയം, ചാത്തന്നൂർ പാരിപ്പള്ളി എന്നിവിടങ്ങളിൽ പാലങ്ങൾക്കടിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. അയത്തിൽ ബൈപ്പാസ് ജംഗ്ഷനിലും നിർമാണം പൂർത്തിയായി കിടക്കുന്ന പാലത്തിനടിയിലൂടെ സംസ്ഥാന ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അയത്തിൽ നിസാം ജില്ലാ കളക്ടർക്കും ഹൈവേ അഥോറിറ്റിക്കും നിവേദനം നൽകിയിട്ടുണ്ട്.
നടപടി ഉണ്ടായില്ലെങ്കിൽപ്രദേശവാസികളെയും വാഹന യാത്രക്കാരെയും സംഘടിപ്പിച്ച് പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന്അയത്തിൽ നിസാം പറഞ്ഞു.പാലം തുറക്കാത്തതിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നിട്ടുണ്ട്.ബസുകൾ കുരുക്കിൽ പെട്ട് കിടക്കുന്നതിനാൽ ട്രിപ്പുകൾ മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.കണ്ണനല്ലൂർ ഭാഗത്ത് നിന്നും കൊല്ലത്തേക്ക് വരുന്ന ബസുകൾക്ക് കൊല്ലത്ത് പോയി മടങ്ങാൻ ആവാതെ വഴിയിൽ സർവീസ് നിർത്തിവെച്ച് തിരികെ പോരേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു.
നാല് പ്രമുഖ ആശുപത്രികൾ ഉള്ള ബൈപ്പാസ് റോഡിൽ കുരുക്ക് രൂക്ഷമായതോടെ വീതി കുറഞ്ഞ സർവീസ് റോഡിൽ ആംബുലൻസുകൾക്ക് പോലും കുരുക്കിൽപെട്ട് കിടക്കേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്.ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുംകിളികൊല്ലൂർ,ഇരവിപുരം സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായ ഇവിടെഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പോലീസിനെയും ട്രാഫിക് വാർഡന്മാരെയും നിയമിക്കാനുള്ളനടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
റോഡിന്റെപ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളകരാർ കമ്പനിനിയമിച്ചിട്ടുള്ള രണ്ടുപേരാണ് ഇവിടെ ഗതാഗത നിയന്ത്രണത്തിനായി ഉള്ളത്. കുരുക്ക് രൂക്ഷമായതിനെ തുടർന്ന് വിദ്യാർഥികൾക്ക് സമയത്ത് വിദ്യാലയങ്ങളിൽ എത്താൻ പറ്റാത്തസ്ഥിതിയും ഉദ്യോഗസ്ഥർക്ക് ഓഫീസുകളിൽ എത്താൻ കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്.
ഇന്നലെ പരിസരവാസികളായ നാട്ടുകാർ റോഡിൽ ഇറങ്ങിവാഹനങ്ങൾ നിയന്ത്രിച്ചാണ് കുരുക്കിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കിയത്.രാവിലെയും വൈകുന്നേരവും അയത്തിൽ ജംഗ്ഷൻ മുതൽ പുന്തലത്താഴം വരെയും,കൊല്ലം ഭാഗത്തേക്കുള്ള റോഡിൽപുളിയത്തുമുക്ക് മുതൽ അയത്തിൽ വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്.നിർമാണം പൂർത്തിയായി കിടക്കുന്ന മേൽപ്പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് കുരുക്കിന് പരിഹാരമുണ്ടാക്കണമെന്നാണ് വാഹന യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.