ചാത്തന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പണിമുടക്കി
1587394
Thursday, August 28, 2025 6:49 AM IST
ചാത്തന്നൂർ: മാർക്കറ്റ് റോഡിലെ വൺവേ സമ്പ്രദായം പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ചാത്തന്നൂർ ജംഗ്ഷനിലെ ഓട്ടോറിക്ഷതൊഴിലാളികൾ പണിമുടക്കി. പണി മുടക്കിയ തൊഴിലാളികൾ ഓട്ടോറിക്ഷകൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടിട്ട് ഓഫീസ് ഉപരോധിക്കാൻ ശ്രമം നടത്തി.
ചാത്തന്നൂർ ജംഗ്ഷനിലെ നിലവിലെ മാർക്കറ്റ് റോഡിനെക്കുറിച്ചാണ് പരാതി. ഈ റോഡിലൂടെ ദേശീയ പാതയിലേയ്ക്ക് മാത്രമേ വരാൻ കഴിയൂ. മൂന്നാഴ്ച മുമ്പാണ് ഈ ട്രാഫിക് പരിഷ്കാരം നടപ്പാക്കിയത്.
മാർക്കറ്റ് റോഡിലാണ് പ്രധാന കച്ചവട വ്യാപാര സ്ഥാപനങ്ങളും മത്സ്യമാർക്കറ്റും സപ്ലൈകോയുടെ മാവേലി സ്റ്റോറും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ. ഇവിടെ നിന്നും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് വൺവേ ആയതു മൂലം ഓട്ടോയിലെത്തി സാധനങ്ങൾ വാങ്ങി കൊണ്ടു പോകാൻ കഴിയില്ല.
ഇതുമൂലം സ്റ്റാന്‍ഡിൽ കിടക്കുന്ന ഓട്ടോകൾക്ക് സവാരിയും നഷ്ടമാകുന്നു. ഈ വൺവേ സമ്പ്രദായം തിരിച്ച് ആക്കണമെന്നാണ് ഓട്ടോ റിക്ഷ തൊഴിലാളികളുടെ ആവശ്യം.
ഓട്ടോകൾ കൊണ്ട് പഞ്ചായത്ത് ഉപരോധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ട്രാഫിക് അഥോറിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് തൊഴിലാളികൾ ഓട്ടോകൾ മാറ്റുകയും സമരം പിൻവലിക്കുകയും ചെയ്തു.